ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത്‌ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ആദിത്യനാഥിന് ധാര്‍മികമായി അവകാശമില്ലെന്ന് പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അവരുടെ പ്രതികരണം.

'മകള്‍ മരിച്ച കാര്യം ഹത്രാസിലെ ഇരയുടെ അച്ഛന്‍ അറിയുന്നത് എന്നോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്. സങ്കടത്തോടെ അദ്ദേഹം ഉച്ചത്തില്‍ കരയുന്നത് ഞാന്‍ കേട്ടു. തന്റെ മകള്‍ക്കു നീതി ലഭിക്കണമെന്നതു മാത്രമാണു തന്റെ ആവശ്യമെന്നു തൊട്ടുമുമ്പാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അവസാനമായി മകളെ വീട്ടിലേക്ക് കൊണ്ടുപോകാനും അവളുടെ അന്ത്യകര്‍മങ്ങള്‍ നടത്താനുമുള്ള അവസരം ഇന്നലെ രാത്രി അദ്ദേഹത്തില്‍നിന്ന് തട്ടിയെടുത്തു- പ്രിയങ്ക ട്വീറ്റില്‍ ആരോപിച്ചു. 

യോഗി ആദിത്യനാഥ് രാജിവെക്കണം. ഇരയെയും കുടുംബത്തിനെയും സംരക്ഷിക്കുന്നതിനു പകരം അവളുടെ ഓരോ മനുഷ്യാവകാശവും, മരണത്തില്‍ പോലും നിഷേധിക്കുന്നതില്‍ നിങ്ങളുടെ സര്‍ക്കാര്‍ പങ്കാളികളായി. മുഖ്യമന്ത്രിയായി തുടരാന്‍ നിങ്ങള്‍ക്ക് ധാര്‍മികമായി അവകാശമില്ല- പ്രിയങ്ക ട്വീറ്റില്‍ പറഞ്ഞു. 

content highlights: priyanka gandhi criticises yogi adityanath over gang rape victim death