ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ മേല്‍ കെട്ടിവെച്ച് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞു മാറുന്നു-പ്രിയങ്ക ഗാന്ധി


Photo : ANI

ന്യൂഡൽഹി: കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും പരാജയപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏറ്റവും ദുരിതപൂര്‍ണമായ സാഹചര്യത്തിലാണ് രാജ്യമെന്നും ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് മനഃപൂര്‍വം ഒഴിഞ്ഞു മാറുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് ബിജെപി സര്‍ക്കാരിനെ പ്രിയങ്ക നിശിതമായി വിമര്‍ശിച്ചത്. കോവിഡിനെതിരെയുള്ള പോരാട്ടം ഫലപ്രാപ്തമാകാന്‍ ചില ആശയങ്ങളും പ്രിയങ്ക പങ്കു വെച്ചു.

ഗ്രാമീണമേഖലയില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള മരുന്നുകളുള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം, ഓക്‌സിജന്‍ സൗകര്യം, ആശുപത്രിക്കിടക്കകള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ അപര്യാപ്മാണ്. എനിക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ആളുകള്‍ക്ക് കോവിഡിനെ ഭയമാണ്. കോവിഡ് ബാധിതരാണെന്ന് പറയുന്നത് അപമാനകരമായി അവര്‍ കരുതുന്നു. പലരും രോഗബാധ അംഗീകരിക്കാനോ രോഗമുണ്ടെന്ന് വെളിപ്പെടുത്താനോ മടിക്കുന്നു. പരിശോധനാസൗകര്യവും പരിമിതമാണ്.

നിരവധി പേര്‍ ദിവസേന മരിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം കോവിഡ് ബന്ധിതമാണോയെന്ന് വ്യക്തമല്ല. ഉത്തര്‍പ്രദേശില്‍ അനുബന്ധ രോഗങ്ങള്‍ മൂലമുള്ള മരണങ്ങളെ കോവിഡിതര മരണങ്ങളായി പ്രഖ്യാപിക്കാന്‍ അധികൃതര്‍ വ്യഗ്രത കാണിക്കുന്നു. രാജ്യത്തുടനീളം 400 ജില്ലകളില്‍ ഇപ്പോഴും പോസിറ്റീവിറ്റി നിരക്ക് രണ്ടക്കമാണ്. സംസ്ഥാനത്തെ കോവിഡ് പരിശോധന കാര്യക്ഷമമല്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 ലക്ഷമാണ് നിലവിലെ ടെസ്റ്റിങ് കപ്പാസിറ്റി. അതിന്റെ 80 ശതമാനത്തോളം നഗരങ്ങളിലാണ് നടക്കുന്നത്. അതു കൊണ്ടു തന്നെ ഗ്രാമങ്ങളിലെ രോഗികളുടെ കൃത്യമായ കണക്ക് ലഭിക്കുന്നില്ല. ഭീകരവും പരിതാപകരവുമാണ് സാഹചര്യം-പ്രിയങ്ക പറഞ്ഞു.

കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ബിജെപി സര്‍ക്കാരുകള്‍ പ്രതികരിക്കുന്ന സ്ഥിരം രീതിയുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. പ്രശ്‌നത്തിന്റെ വ്യാപ്തിയെ കുറിച്ച് അംഗീകരിക്കാന്‍ വിസമ്മതിക്കുക, പൊള്ളയായ പദ്ധതികള്‍ തയ്യാറാക്കുന്നതു മൂലം സുരക്ഷാമാര്‍ഗങ്ങള്‍ കൃത്യമായും ശക്തമായും നടപ്പാക്കാന്‍ കഴിയാതെ പരാജയപ്പെടുക, പകര്‍ച്ചവ്യാധി ഔന്നത്യത്തിലെത്തി ആളുകളുടെ ജീവന്‍ കവരുമ്പോള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയിരിക്കുക, പ്രിയപ്പെട്ടവരെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ പ്രതികരിക്കുന്ന പൊതുജനത്തെ ശക്തമായി അടിച്ചമര്‍ത്തുകയും ആക്രമിക്കുകയും ചെയ്യുക, പ്രശ്‌നങ്ങള്‍ ഓരു വിധം പരിഹരിക്കപ്പെട്ടെന്ന് ബോധ്യമായാല്‍ അതിന്റെ ഖ്യാതി ഏറ്റെടുത്ത് പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ ചുമത്തുക എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളുള്ള രീതിയാണതെന്ന് പ്രിയങ്ക പരിഹസിച്ചു.

കോവിഡ് അനുബന്ധ ലക്ഷണങ്ങളുള്ള ധാരാളം പേര്‍ ദിവസവും യുപിയില്‍ മരിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പരിശോധനാസൗകര്യം അപര്യാപ്തമാണ്. അതിനാല്‍ തന്നെ കോവിഡ് മൂലമാണോ മരണമെന്ന കാര്യം തീര്‍ച്ചപ്പെടുത്തി പറയാനാവില്ല. കൃത്യമായ കോവിഡ് കണക്കുകള്‍ തിട്ടപ്പെടുത്തി വെളിപ്പെടുത്തണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനുള്ളത്. ശരിയായ കണക്കുകളില്ലെങ്കില്‍ കോവിഡിനെതിരെയുള്ള പോരാട്ടം പരാജയപ്പെട്ടേക്കാം. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സത്യാവസ്ഥ പുറത്തുവിടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

വ്യക്തമായ വാക്‌സിന്‍ നയം രൂപവത്കരിക്കുക, ബ്ലോക്കുകളിലും ഗ്രാമങ്ങളിലും കൂടുതല്‍ പരിശോധനാസൗകര്യവും ചികിത്സാസൗകര്യവും എത്രയും പെട്ടെന്ന് ഏര്‍പ്പെടുത്തുക, കോവിഡിന് പിന്നാലെ പടര്‍ന്നു പിടിക്കുന്ന ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനുമെതിരെ കൃത്യമായ ചികിത്സ ലഭ്യമാക്കുക, കോവിഡിന്റെ മൂന്നാം തരംഗത്തിനെ നേരിടാന്‍ സജ്ജമാകുക, സെന്‍ട്രല്‍ വിസ്ത പോലെയുള്ള പദ്ധതികള്‍ നിര്‍ത്തി വെച്ച് ആ പണം കോവിഡ് പ്രതിരോധത്തിനും കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആശ്രിതര്‍ക്കും നല്‍കുക എന്നിങ്ങനെ ചില ആശയങ്ങളും പ്രിയങ്ക മുന്നോട്ടു വെച്ചു.

സര്‍ക്കാര്‍ സ്വന്തം പ്രതിച്ഛായ നന്നാക്കാന്‍ നടത്തുന്ന വിവിധ പ്രചാരണപരിപാടികളും നിര്‍ത്തി വെക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ആദ്യതരംഗത്തിന്റെ ഉത്തരവാദിത്വം കോവിഡിന് മേല്‍ തന്നെ കെട്ടി വെച്ച കേന്ദ്രസര്‍ക്കാര്‍ രണ്ടാം തരംഗത്തില്‍ ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തലും വാക്‌സിന്‍ വിതരണവുമൊക്കെ സംസ്ഥാനസര്‍ക്കാരുകളുടെ മേല്‍ കെട്ടിവെച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തടിതപ്പിയിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കൂട്ടായ പ്രവര്‍ത്തനത്തെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രസംഗിക്കുമെങ്കിലും അവരത് പ്രാവര്‍ത്തികമാക്കാറില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Content Highlights: Priyanka Gandhi Criticises Centre And UP Government

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented