ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. യുപിയില്‍ ലഖിംപുര്‍ മേഖലയില്‍ സംഘര്‍ഷബാധിത പ്രദേശവും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.

സംഘര്‍ഷത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ യുപി പോലീസ് പ്രിയങ്കയെ വീട്ടു തടങ്കലിലാക്കിയിരുന്നു. ഇത് വകവെക്കാതെ അവർ വീട്ടില്‍ നിന്നും പുറത്തിറങ്ങുകയും സംഘര്‍ഷബാധിത പ്രദേശത്തേക്ക് തിരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യു.പി പോലിസ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ, ലഖിംപുര്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം എട്ടായി. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സ്ഥലത്തുവെച്ച് രണ്ടുപേരും പിന്നീടും ഒരാള്‍ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചതായി കര്‍ഷകര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയും സംഘവുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

അതേസമയം, നാലു കര്‍ഷകരും വാഹനത്തിലുണ്ടായിരുന്ന നാലുപേരുമാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.

കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയുള്ളതിനാല്‍ കരിങ്കൊടിപ്രതിഷേധം നടത്താനായിരുന്നു അവര്‍ വന്നിറങ്ങുന്ന ഹെലിപാഡിന് സമീപം കര്‍ഷകര്‍ ഒത്തുചേര്‍ന്നത്. രാവിലെ ഒമ്പതുമുതല്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചു. എന്നാല്‍, മന്ത്രിമാര്‍ ഹെലികോപ്റ്ററില്‍ വരാതെ ലഖ്‌നൗവില്‍നിന്നു റോഡുമാര്‍ഗമെത്തി. പോലീസ് ഇക്കാര്യം അറിയിച്ചതോടെ ഉച്ചയ്ക്കു കര്‍ഷകര്‍ മടങ്ങിപ്പോവാന്‍ തുടങ്ങി. രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകള്‍ റോഡരികില്‍ കര്‍ഷകര്‍ക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാള്‍ വെടിയുതിര്‍ത്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ലവ്പ്രീത് സിങ് (20), നച്ചത്തര്‍ സിങ് (60), ദല്‍ജീത് സിങ് (35), ഗുര്‍വീന്ദര്‍ സിങ് (19) എന്നീ കര്‍ഷകരാണ് മരിച്ചത്. ഇതില്‍ ഗുര്‍വീന്ദര്‍ സിങ്ങാണ് വെടിയേറ്റു മരിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു. ആശിഷ് മിശ്ര ഗുണ്ടകള്‍ക്കൊപ്പം മൂന്നു വാഹനങ്ങളിലായെത്തി ആക്രമിക്കുകയായിരുന്നെന്ന് കര്‍ഷകര്‍ ആരോപിച്ചു.

Content Highlights: Priyanka Gandhi arrested at lakhimpur while visiting familes of deceased