ന്യൂഡല്‍ഹി: സംസാരത്തിനിടയില്‍ നാവുപിഴ സംഭവിക്കുന്നത് ഒരു പുതിയ കാര്യമല്ല. ചിലപ്പോള്‍ ഒരു നാവുപിഴ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവിന് സംഭവിച്ച നാവു പിഴ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സി എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാവിന് അബദ്ധം പിണഞ്ഞത്. അണികള്‍ക്ക് അല്‍പം ആവേശം ആയിക്കോട്ടെ എന്നു കരുതിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ സിന്ദാബാദ് വിളിച്ചത്.
'സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്' എന്നിങ്ങനെ വിളിക്കുകയും പ്രവര്‍ത്തകര്‍ അത് ഏറ്റുവിളിക്കുകയും ചെയ്തു. അടുത്ത പേരിലാണ് പണിപാളിയത്. 'പ്രിയങ്ക ഗാന്ധി സിന്ദാബാദ്' എന്നതിനു പകരം 'പ്രിയങ്ക ചോപ്ര സിന്ദാബാദ്' എന്നാണ് നേതാവ് മുദ്രാവാക്യം മുഴക്കിയത്.
#WATCH Delhi: Slogan of "Sonia Gandhi zindabad! Congress party zindabad! Rahul Gandhi zindabad! Priyanka Chopra zindabad!" (instead of Priyanka Gandhi Vadra) mistakenly raised by Congress' Surender Kr at a public rally. Delhi Congress chief Subhash Chopra was also present.(01.12) pic.twitter.com/ddFDuZDTwH
— ANI (@ANI) December 1, 2019
അപ്രതീക്ഷിതമായ നാവു പിഴയില്‍ തൊട്ടടുത്തു നിന്ന കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര കുമാര്‍ ഞെട്ടുന്നതും മുദ്രാവാക്യം വിളിക്കുന്ന നേതാവിനെ നോക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പ്രിയങ്ക ചോപ്രയുടെ പേരില്‍ തെറ്റി വിളിച്ച മുദ്രാവാക്യം അണികളില്‍ പലരും കണ്ണുംപൂട്ടി ഏറ്റുവിളിക്കുന്നുമുണ്ട്.
കോണ്‍ഗ്രസിന്റെ ഡല്‍ഹി ചീഫ് സുഭാഷ് ചോപ്രയടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. ഇതാണോ പ്രിയങ്കയ്ക്കൊപ്പം ചോപ്ര കയറിവരാന്‍ ഇടയാക്കിയതെന്നും ട്രോളന്മാരില്‍ ചിലര്‍ സംശയിക്കുന്നു.
രാഹുല്‍ ഗാന്ധി എന്നതിനു പകരം രാഹുല്‍ ബജാജ് സിന്ദാബാദ് എന്ന് വിളിക്കാതിരുന്നത് ഭാഗ്യമായെന്ന് ഒരാള്‍ ട്വിറ്ററില്‍ പരിഹസിക്കുന്നു. ട്രോളുകള്‍ സജീവമായതോടെ പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ ട്രന്‍ഡിങ്ങായിട്ടുമുണ്ട്.
Content Highlights: Priyanka Chopra Zindabad: Congress Leader's Mistake On Mic Trolled