ബെംഗളുരു: ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം ഇന്ത്യയെ പുതിയ ബഹിരാകാശ കാലഘട്ടത്തിലേക്ക് നയിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി കെ.ശിവന്‍. സ്വകാര്യ പങ്കാളിത്തം നിരവധി തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഇന്ത്യ ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയിലെ പ്രധാനികളാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ ഇന്‍ സ്‌പേസ് എന്ന ഏജന്‍സി വഴി സ്വകാര്യ കമ്പനികള്‍ക്ക് ബഹിരാകാശ രംഗത്തേക്ക് കടന്നു വരാം. ഐഎസ്ആര്‍ഒ എല്ലാ സാങ്കേതിക സഹായങ്ങളും സൗകര്യങ്ങളും ഇന്‍ സ്പേസിലൂടെ ഒരുക്കി നല്‍കും. റോക്കറ്റ് - ഉപഗ്രഹ നിര്‍മാണം, ബഹിരാകാശ അനുബന്ധ സേവനങ്ങള്‍ എന്നീ മേഖലകളിലെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് കടന്നു വരാം.
പൂര്‍ണ സ്വയംഭരണാവകാശമുള്ള നോഡല്‍ ഏജന്‍സിയാണ് ഇന്‍ സ്‌പേസ്.

ഈ മാറ്റങ്ങളില്‍ തങ്ങള്‍ വളരെയധികം ആവേശത്തിലാണ്. ഈ പരിഷ്‌കരണങ്ങളുടെ ഭാഗമായി ഉയരുന്ന അവസരങ്ങള്‍ക്കായി രാജ്യത്തെ യുവത്വം മുന്നോട്ടുവരുമെന്നാണ് കരുതുന്നത്. നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം തന്നെ മുന്നോട്ടുവന്നിട്ടുണ്ട്. സ്വകാര്യപങ്കാളിത്തം നിരവധി തൊഴില്‍സാധ്യതകളിലേക്ക് നയിക്കുകയും രാജ്യത്തെ ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയിലെ പ്രധാനികളാക്കുകയും ചെയ്യും. 

ബഹിരാകാശമേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിന് ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്. രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളിലെല്ലാം ഇനി സ്വകാര്യ കമ്പനികള്‍ക്കും പങ്കാളിത്തം നല്‍കും. എന്നാല്‍ ഈ മാറ്റങ്ങള്‍ ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാക്കില്ലെന്നും തങ്ങളുടെ ബഹിരാകാശ ദൗത്യങ്ങളുമായി മുന്നോട്ടുപോകുമെന്നും ശിവന്‍ പറഞ്ഞു. 

Content Highlights: Private sector can now build rockets; ISRO Chief about reforms