Representative image: Photo: Mathrbhumi Archives
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കുടുങ്ങിയ വളര്‍ത്തുമൃഗങ്ങളെ ഉടമസ്ഥരുടെ അടുത്തെത്തിക്കാന്‍ സ്വകാര്യ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കുന്നു. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേയ്ക്ക് ആറ് വളര്‍ത്തുമൃഗങ്ങളെ എത്തിക്കാന്‍ ജൂണ്‍ പകുതിയോടെയാണ് സ്വകാര്യ ചാര്‍ട്ടേഡ് വിമാനം ഒരുങ്ങുന്നത്. സംരംഭകയും സൈബര്‍ സുരക്ഷാ ഗവേഷകയുമായ ദീപിക സിംഗാണ് ഇതിന് മുന്‍കൈയെടുത്തതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹിയില്‍നിന്ന് ബന്ധുക്കള്‍ക്ക് യാത്ര ചെയ്യാനായി ഒരു വിമാനം ക്രമീകരിക്കുന്നതിനിടെയാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് മാത്രമായി ഒരു വിമാനം എന്ന ആശയം തനിക്കുണ്ടായതെന്ന് ദീപിക സിംഗ് പറഞ്ഞു. വളര്‍ത്തുമൃഗങ്ങളെ കൂടെക്കൂട്ടാന്‍ ചിലര്‍ ആഗ്രഹിച്ചെങ്കിലും സഹയാത്രികര്‍ വിസമ്മതിച്ചു. 'ചില ആളുകള്‍ അവരുടെ വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും മറ്റുള്ളവര്‍ വിസമ്മതിച്ചപ്പോള്‍ ഒരു വിമാനം ക്രമീകരിക്കാന്‍ തീരുമാനിച്ചു.'- ദീപിക സിംഗ് ദി പ്രിന്റിനോട് പറഞ്ഞു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ നായ്ക്കള്‍, പക്ഷികള്‍, മറ്റ് മൃഗങ്ങള്‍ എന്നീ വളര്‍ത്തുമൃഗങ്ങള്‍ക്ക് സുരക്ഷിതമായ യാത്ര ചെയ്യാന്‍ സഹായിക്കുകയാണെന്ന് അവര്‍ പറഞ്ഞു. വളര്‍ത്തുമൃഗങ്ങള്‍ക്ക് മാത്രമായി ആറ് സീറ്റുള്ള വിമാനത്തിനായി സ്വകാര്യ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്ന അക്രീഷന് എവിയേഷനുമായി ദീപിക ബന്ധപ്പെട്ടു. വിമാന സര്‍സീസ് നടത്താന്‍ 9.06 ലക്ഷം രൂപയാണ് ചെലവ്. ഒരു വളര്‍ത്തുമൃഗത്തിന് ഒരു സീറ്റിന് 1.6 ലക്ഷം രൂപ ചെലവാകും.
ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് വളര്‍ത്തുമൃഗങ്ങളെ അയക്കാന്‍ ഇതുവരെ നാല് പേര് സമീപിച്ചിട്ടുണ്ട്. യാത്രക്കാരില്‍ രണ്ട് ഷിങ് സു നായകള്‍, ഒരു ഗോള്‍ഡന്‍ റിട്രീവര്‍, ഒരു ലേഡി ഫെസന്റ് പക്ഷി എന്നിവ ഉള്‍പ്പെടുന്നു.
Content Highlights: Private Jet Hired For Rs 9.06 Lakh To Fly Pets From Delhi To Mumbai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..