ന്യൂഡല്‍ഹി:  രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കോവിഡ് വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ കഴിഞ്ഞ മാസം വെറും 17 ശതമാനം ഡോസ് മാത്രമാണ് സ്വകാര്യ ആശുപത്രികളില്‍ വിതരണം ചെയ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ രേഖകള്‍. സ്വകാര്യ ആശുപത്രികളില്‍ വലിയ അളവില്‍ വാക്‌സിനുകള്‍ ഉപയോഗിക്കാതെയുണ്ടെന്നും രേഖ വ്യക്തമാക്കുന്നു. 

ജൂണ്‍ നാലിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് മേയ് മാസത്തില്‍ 7.4 കോടി ഡോസ് കോവിഡ് വാക്‌സിനാണ് രാജ്യത്ത് ലഭ്യമാക്കിയിരുന്നത്. ഇതില്‍ 1.85 കോടി ഡോസ് സ്വകാര്യ ആശുപത്രികള്‍ക്കായാണ് മാറ്റിവെച്ചിരുന്നത്. രാജ്യത്തെമ്പാടുമുള്ള സ്വകാര്യ ആശുപത്രികള്‍ ഇതില്‍നിന്ന് 1.29 കോടി ഡോസ് വാക്‌സിന്‍ വാങ്ങി. എന്നാല്‍ വെറും 22 ലക്ഷം ഡോസ് മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. അതായത് 17 ശതമാനം ഡോസുകള്‍. 

വാക്‌സിന്‍ എടുക്കാനുള്ള വിമുഖത, സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തുടങ്ങിയവയാകാം സ്വകാര്യ ആശുപത്രികളില്‍നിന്ന് ജനങ്ങള്‍ അകലം പാലിക്കാനുള്ള കാരണമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. 

content highlights: private hospitals got 1.29 crore dose but utalised only 22 lakh- government data