ന്യൂഡല്‍ഹി: സ്വകാര്യ കമ്പനികള്‍ക്ക് കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങി സ്വന്തം ജീവനക്കാര്‍ക്കായി നൽകാൻ അനുമതി നൽകി കേന്ദ്രം. ഇത്തരത്തിൽ വാക്‌സിനേഷന്‍ യജ്ഞം കേന്ദ്രം കൂടുതല്‍ ഉദാരവത്കരിച്ചതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ഏകദേശം 3.16 ലക്ഷം പുതിയ കേസുകളാണ് ഇന്ത്യയിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലോകത്ത് ഒരു രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. ഡ്രഗ് റഗുലേറ്ററില്‍ നിന്ന അനുമതി ലഭിച്ചാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ മോഡേണ , ഫൈസര്‍ വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാനും കഴിയും.

രാജ്യമാകെ കോവിഡ് വ്യാപനം അതിവേഗം വര്‍ദ്ധിച്ചതോടെ, 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും മെയ് 1 മുതല്‍ വാക്‌സിനേഷന്‍ ലഭിക്കാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. കൂടാതെ, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ആശുപത്രി ശൃംഖലകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നേരിട്ട് നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങാനും അനുമതി നല്‍കിയിരുന്നു.

ആഭ്യന്തര നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സിന്‍ ഡോസുകള്‍ വാങ്ങുന്ന സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സര ലേലം ഒഴിവാക്കുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒരു 'സുതാര്യത ക്ലോസ്' ചേര്‍ത്തിട്ടുണ്ട്.

''ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന് എത്ര അളവ് വാക്സിനും നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കഴിയും. വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കുന്നിടത്തോളം കാലം അതില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ല'', വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എക്കണോമിക് ടൈംസിനോട് പറഞ്ഞു.

എത്രരൂപക്കാണ് സ്വകാര്യ കമ്പനി വാക്‌സിന്‍ വാങ്ങുന്നതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സ്വകാര്യ കമ്പനിക്ക് വാക്‌സിന്‍ വില്‍ക്കുന്നതിന് നിയന്ത്രണങ്ങള്‍ അധികമുണ്ടാവില്ല. മാത്രവുമല്ല വാക്സിന്‍ നിര്‍മ്മാതാവ് ഒരു ആഭ്യന്തര കമ്പനിയാണെങ്കില്‍ മാത്രമേ നിയന്ത്രണങ്ങള്‍ ബാധകമാകൂ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 50 ശതമാനത്തില്‍ കേന്ദ്രത്തിന് അവകാശമുണ്ട്. അതേസമയം  ബാക്കിയുള്ളവയ്ക്ക് സ്വകാര്യ കമ്പനികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മത്സരിക്കാം. 

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. വിദേശ മരുന്ന് നിര്‍മ്മാതാക്കളായ ഫൈസര്‍, മോഡേണ തുടങ്ങിയ കോവിഡ് -19 വാക്‌സിനുകള്‍ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍

content highlights: private firms can import can import Pfizer, Moderna shots