ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന വികസിത രാജ്യങ്ങളുടെ കൊളോണിയല്‍ ചിന്താഗതി ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. തങ്ങള്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുമ്പോഴും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനായി ഇന്ത്യയെ നിര്‍ബന്ധിക്കുന്ന വികസിത രാജ്യങ്ങളെ പ്രധാനമന്ത്രി വിമര്‍ശിച്ചു. 

'കൊളോണിയല്‍ ചിന്താഗതി ഇല്ലാതായിട്ടില്ല. വികസിത രാജ്യങ്ങള്‍, അവരെങ്ങനെയാണോ ഈ നേട്ടം സ്വന്തമാക്കിയത് ആ പാത വികസ്വര രാജ്യങ്ങള്‍ക്ക് നിഷേധിക്കുകയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, 1850 മുതല്‍ ഇന്നുവരെ വികസിത രാജ്യങ്ങള്‍ 15 മടങ്ങ് കൂടുതല്‍ കാര്‍ബണാണ് പുറന്തള്ളുന്നത്. അമേരിക്കയുടെയും യൂറോപ്പിന്റെയും ആളോഹരി കാര്‍ബണ്‍ ബഹിര്‍ഗമനവും 11 മടങ്ങ് അധികമാണ്', പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന COP26 ഉച്ചകോടിയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ പ്രയോജനങ്ങള്‍ ആവശ്യത്തിന് അനുഭവിച്ച വികസിത രാജ്യങ്ങളോട് വേഗത്തില്‍ നെറ്റ് സീറോ എമിഷന്‍ ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

വികസന വിരോധികളെയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ചു. രാജ്യത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കാതെ ചിലര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വികസനത്തെ എതിര്‍ക്കുകയാണ്. അവര്‍ക്ക് ഒരു നഷ്ടവും ഉണ്ടാവുന്നില്ല. പക്ഷെ, മക്കള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭിക്കാത്ത അമ്മമാര്‍ ഇതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Content Highlights: Prime Minister Slams Pressures On India Over Climate Pledges