നരേന്ദ്ര മോദി| Photo: ANI
ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇ- റുപ്പി(e-RUPI) സംവിധാനം അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇ-റുപ്പി രാജ്യത്തിന് സമര്‍പ്പിക്കും. ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കിയാണ് ഇ- റുപ്പി പ്രവര്‍ത്തിക്കുക. ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷനാണ് ഇ-റുപ്പി വികസിപ്പിച്ചിരിക്കുന്നത്.
കറന്‍സിരഹിതവും(cashless) സമ്പര്‍ക്കരഹിതവുമായ(contactless) ഒരു ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമാണ് ഇ-റുപ്പി. ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് എത്തുന്ന ക്യൂ ആര് കോഡ് അല്ലെങ്കില്‍ എസ്.എം.എസ്. സ്ട്രിങ്ങിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുക. ഇ- റുപ്പി പേയ്മെന്റിലൂടെ കാര്‍ഡോ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളോ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യത്തിന്റെ സഹായമോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് വൗച്ചറുകള്‍ മാറ്റിയെടുക്കാന്‍ കഴിയും. അതായത്, മുന്‍കൂറായി പണം അടച്ച സമ്മാന വൗച്ചറുകള്‍(പ്രീ-പെയ്ഡ് ഗിഫ്റ്റ് വൗച്ചര്‍) പോലെയാണ് ഇ-റുപ്പി പ്രവര്‍ത്തിക്കുക എന്ന് പറയാം. ഇത് സ്വീകരിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലെത്തി മാറ്റിയെടുക്കാം.
സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നവരെയും(സര്‍വീസ് സ്പോണ്‍സര്‍മാര്‍) ഉപഭോക്താക്കളെയും സേവനദാതാക്കളെയും ഇ-റുപ്പി ഡിജിറ്റലായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ- പൊതുമേഖലാ ബാങ്കുകളായിരിക്കും ഇ-റുപ്പി വിതരണം ചെയ്യുക. കോര്‍പറേറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ സേവനങ്ങളുടെയും അത് വിതരണം ചെയ്യേണ്ട വ്യക്തികളുടെയും വിവരങ്ങളുമായി ഇത്തരത്തിലുള്ള ബാങ്കുകളെ സമീപിക്കാം. മൊബൈല്‍ നമ്പറിന്റെ സഹായത്തോടെയാണ് ഉപഭോക്താക്കളെ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഉപഭോക്താവിന്റെ പേരില്‍ ബാങ്ക് നീക്കിവെച്ചിരിക്കുന്ന വൗച്ചര്‍ സേവനദാതാക്കള്‍ക്ക് കൈമാറും. അത് ആ ഉപഭോക്താവിന് കൃത്യമായി ലഭ്യമാവുകയും ചെയ്യും.
ക്ഷേമപ്രവര്‍ത്തന സേവനങ്ങള്‍ ക്രമക്കേടുകളില്ലാതെ, കൃതമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഇ-റുപ്പിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. മാതൃ-ശിശു ക്ഷേമ സേവനങ്ങള്‍, ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. വളം സബ്സിഡി വിതരണം തുടങ്ങിയവയ്ക്കും ഇ-റുപ്പിയെ പ്രയോജനപ്പെടുത്താനാവും.
content highlights:prime minister narendra modi to launch e-RUPI today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..