
നരേന്ദ്ര മോദി| Photo: ANI
ന്യൂഡല്‍ഹി: കോവിഡ് നാലാംതരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍, വാക്‌സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി എന്നിവ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്തിരിക്കുന്നതിനാല്‍ യോഗത്തിന് ഏറെ പ്രധാന്യമുണ്ട്. കോവിഡ് കേസുകളില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ഉത്തര്‍ പ്രദേശ്, കര്‍ണാടക തുടങ്ങിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,483 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൊട്ടുമുന്‍പത്തെ ദിവസം 2,541 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ആക്ടീവ് കേസുകളുടെ എണ്ണം 16,522-ല്‍നിന്ന് 15,636-ല്‍ എത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. 0.55 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ആറ് മുതല്‍ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ നല്‍കാന്‍ ഡി.സി.ജി.ഐയുടെ (ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) അനുമതി നല്‍കിയിട്ടുമുണ്ട്. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വാക്സിന്‍ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
കുട്ടികളിലെ വാക്സിന്റെ ഉപയോഗം സംബന്ധിച്ച് സുരക്ഷാവിവരങ്ങള്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ഭാരത് ബയോടെക്കിനോട് ഡി.സി.ജി.ഐ നിര്‍ദേശിച്ചു. ആദ്യ രണ്ട് മാസത്തേക്ക് 15 ദിവസം കൂടുമ്പോഴുള്ള സമ്പൂര്‍ണ റിപ്പോര്‍ട്ട് ഉള്‍പ്പെടെ സമര്‍പ്പിക്കണം. രണ്ട് മാസത്തിന് ശേഷം ഒരു മാസം കൂടുമ്പോഴുള്ള റിപ്പോര്‍ട്ട് ആണ് സമര്‍പ്പിക്കേണ്ടത്. അഞ്ച് മുതല്‍ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കോര്‍ബെവാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേരത്തെ നല്‍കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..