Photo: ANI
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബനിഹാള്‍-കാസിഗുണ്ട് തുരങ്കപാതയുടെ ഉദ്ഘാടനം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഒപ്പം മറ്റ് വികസനപദ്ധതികളുടെ ശിലസ്ഥാപന കര്‍മവും അദ്ദേഹം നിര്‍വഹിക്കും.
3,100 കോടിരൂപാ മുടക്കില്‍ നിര്‍മിച്ച ഈ ഇരട്ട തുരങ്കപാതയുടെ നീളം 8.45 കിലോമീറ്ററാണ്. ഈ തുരങ്കപാത നിലവില്‍ വരുന്നതോടെ ബനിഹാളില്‍നിന്നും കാസിഗുണ്ടിലേക്കുള്ള ദൂരം 16 കിലോമീറ്റര്‍ കുറയും. മാത്രമല്ല, യാത്രാസമയത്തിലും ഏകദേശം ഒന്നരമണിക്കൂര്‍ കുറയും.

ഇരുവശത്തേക്കുമുള്ള യാത്രയ്ക്കായി രണ്ടുപാതകള്‍ ചേര്‍ന്നതാണ് ഈ തുരങ്കപാത. ഓരോ അരക്കിലോമീറ്ററിലും ഇരുപാതകളെയും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് അറ്റകുറ്റപ്പണികള്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അതിനെ നേരിടാനും സഹായിക്കും.
ബനിഹാല്‍- കാസിഗുണ്ട് തുരങ്കപാത നിലവില്‍ വരുന്നതോടെ ഏത് കാലാവസ്ഥയിലും ജമ്മുവും കശ്മീരും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടാതിരിക്കുകയും ചെയ്യും.

റടലേ, ക്വാര്‍ ജലവൈദ്യുത പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 850 മെഗാവാട്ടിന്റെ റടലേ ജലവൈദ്യുത പദ്ധതി കിഷ്ത്വാര്‍ ജില്ലയില്‍ ചെനാബ് നദിക്കു കുറുകേയാണ് നിര്‍മിക്കുക. 5,300 കോടിരൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 540 മെഗാവാട്ടിന്റെ ക്വാര്‍ ജലവൈദ്യുത പദ്ധതിയും ചെനാബ് നദിക്ക് കുറുകേയാണ് നിര്‍മിക്കുന്നത്. 4,500 കോടിരൂപയാണ് ഇതിന്റെ ചെലവ്. മേഖലയുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇരു ജലവൈദ്യുത പദ്ധതികളും സഹായകമാകുമെന്നാണ് കരുതുന്നത്.
Content Highlights: prime minister narendra modi to inaugurate banihal-qazigund road tunnel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..