ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വാണിജ്യ വകുപ്പുമന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 

പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുമെന്നും എന്തെങ്കിലും സംസാരിക്കുമെന്നുമാണ് കരുതിയിരുന്നതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ വേറെ രൂപത്തില്‍ വീണ്ടും എത്തിയേക്കാമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങളെ കുറിച്ച് പ്രധാനമന്ത്രിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നതായും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. 

പാര്‍ലമെന്ററി കാര്യ വകുപ്പുമന്ത്രി പ്രഹ്ളാദ് ജോഷിയാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന സമ്പ്രദായം മുന്‍പുണ്ടായിരുന്നില്ല. അത് ആരംഭിച്ചത് പ്രധാനമന്ത്രി മോദിയാണ്. എല്ലാ സര്‍വകക്ഷിയോഗത്തിലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് അത് സാധിക്കില്ല- ജോഷി വ്യക്തമാക്കി.

അതേസമയം, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് സര്‍വകക്ഷിയോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് സിങ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. താങ്ങുവിലയ്ക്ക് നിയമം കൊണ്ടുവരണമെന്ന കര്‍ഷകരുടെ ആവശ്യമാണ് സഞ്ജയ് സിങ് ഉന്നയിക്കാനിരുന്നത്. പെഗാസസ്, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്നാണ് ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടത്.

content highlights: prime minister narendra modi skips all party meeting ahead of parliament winter session