ന്യൂഡല്‍ഹി: കര്‍ഷകരോട് സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിലെ കുറവുകള്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയത്തില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മോദി. കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. 

കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍  എപ്പോഴും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും പറയുകയാണ്. പ്രതിഷേധക്കാരുടെ സംശയം അകറ്റിയേ മതിയാകൂ- മോദി പറഞ്ഞു. രാജ്യത്ത് താങ്ങുവില ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അത് തുടരുകയും ചെയ്യും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'സമരത്തെ കുറിച്ച് എല്ലാവരും സംസാരിച്ചു, പിന്നിലെ കാരണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല'

പാര്‍ലമെന്റിലുള്ള എല്ലാവരും കര്‍ഷക സമരത്തെ കുറിച്ച് സംസാരിച്ചു. എന്നാല്‍ എന്താണ് സമരത്തിന് പിന്നിലുള്ള കാരണമെന്ന് പറഞ്ഞില്ല. വെല്ലുവിളികളുണ്ട്. എന്നാല്‍ പ്രശ്‌നത്തിന്റെ ഭാഗമാവുകയാണോ അതോ പരിഹാരത്തിനുള്ള മാധ്യമമാവുകയാണോ വേണ്ടതെന്ന് നാം തീരുമാനിച്ചേ മതിയാകൂ.-മോദി പറഞ്ഞു. 

കര്‍ഷക വായ്പ എഴുതിത്തള്ളുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണോ അതോ കര്‍ഷകരോടുള്ള താല്‍പര്യം കൊണ്ടാണോ എന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട കര്‍ഷകരെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. അവരുടെ അവസ്ഥ നമുക്ക് എല്ലാവര്‍ക്കും അറിയാം. 2014-നു ശേഷം അവരുടെ ക്ഷേമം മുന്‍നിര്‍ത്തി ചില നടപടികള്‍ എടുത്തതായും പ്രധാനമന്ത്രി പറഞ്ഞു. 

കര്‍ഷകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 2014 മുതല്‍ കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിള ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ കര്‍ഷക സൗഹൃദമാക്കി. പി.എം.-കിസാന്‍ പദ്ധതി കൊണ്ടുവന്നു. ചെറുകിട കര്‍ഷകര്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഭരണസംവിധാനം കാരണം പശ്ചിമ ബെംഗളിലെ കര്‍ഷകര്‍ ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെങ്കിലും ഈ ജോലി ചെയ്‌തേ മതിയാകൂ. പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്- മോദി പറഞ്ഞു.

'എഫ്.ഡി.ഐ. ഫോറിന്‍ ഡിസ്ട്രക്ടീവ് ഐഡിയോളജി'

രാജ്യം പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. നാം എഫ്.ഡി.ഐ.യെ കുറിച്ച് സംസാരിക്കുന്നുമുണ്ട്. എന്നാല്‍ ഒരു പുതിയ എഫ്.ഡി.ഐ. രംഗത്തെത്തിയിരിക്കുകയാണ്. ഈ പുതിയ എഫ്.ഡി.ഐയില്‍നിന്ന് രാജ്യത്തെ നാം രക്ഷിച്ചേ മതിയാകൂ. നമുക്ക് ആവശ്യം ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ആണ്. എന്നാല്‍ പുതിയ എഫ്.ഡി.ഐ. ഫോറിന്‍ ഡിസ്ട്രക്ടീവ് ഐഡിയോളജിയാണ്. ഇതില്‍നിന്ന് നാം നമ്മെ സംരക്ഷിക്കണമെന്നും മോദി പറഞ്ഞു. 

'ആന്ദോളന്‍ ജീവികള്‍'

രാജ്യത്ത് ഒരു പുതിയ വിഭാഗം-ആന്ദോളന്‍ ജീവി(സമരജീവി)കള്‍ ഉദയം കൊണ്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. അഭിഭാഷകരുടെയോ വിദ്യാര്‍ഥികളുടെയോ തൊഴിലാളികളുടെയോ ആകട്ടെ, എവിടെ പ്രതിഷേധമുണ്ടോ അവിടെ ഇക്കൂട്ടരെ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് സമരം ഇല്ലാതെ ജീവിക്കാന്‍ ആകില്ലെന്നും ഇക്കൂട്ടരെ തിരിച്ചറിയണമെന്നും അവരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

content highlights: prime minister narendra modi requests farmer's to end their protest