
Photo: reuters
ലോകചരിത്രത്തിലെ ഏറ്റവും വലിയ ലോക്ക് ഡൗണാണിത്.' കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനതാ കര്‍ഫ്യൂവിനെ തുടര്‍ന്ന് ചില സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോള്‍ മുന്‍ സൈനികനും നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡിന്റെ സ്ഥാപകനുമായ രഘുരാമന് പറഞ്ഞത് ഇങ്ങനെയാണ്. രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് എത്തിയിരിക്കുന്നു.
കൊറോണ വൈറസ് വ്യാപനം തടയാനുളള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കലാണെന്ന ലോകാരോഗ്യ സംഘടനയുടെയും മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെയും ഐ.സി.എം.ആര്. പഠനത്തെയും വിദേശരാജ്യങ്ങളിലെ അനുഭവത്തെയും മാനിച്ചുകൊണ്ടാണ് സുപ്രധാനമായ ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രധാനമന്ത്രി കടന്നിരിക്കുന്നത്. പൊതുവിടങ്ങളില്‍ നിന്നുള്ള തന്ത്രപരമായ താല്ക്കാലികമായ ഈ പിന്മാറ്റം വൈറസിന്റെ വ്യാപനത്തെ തടയുന്നതിനും സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും അടുത്ത നടപടികളിലേക്ക് പ്രവേശിക്കുന്നതിനും രാജ്യത്തലവന്മാരെ സഹായിക്കും.
കൊറോണ വ്യാപനത്തെ നിയന്ത്രിക്കുക എന്നുള്ളത് മോദിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ്. കൊറോണയ്ക്കെതിരായ പോരാട്ടവും ജനതാ കര്‍ഫ്യൂവും രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഏറ്റെടുത്തെങ്കിലും രാജ്യത്തിന്റെ സമ്പദ്ഘടനയക്ക് കൊറോണ ഏല്പിച്ച ആഘാതം വിലയിരുത്തുന്നതിലും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിലും മോദി പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. രോഗവ്യാപനം തടയുക എന്നുള്ളതാണ് പ്രഥമലക്ഷ്യം എന്നുപറയുമ്പോഴും ഉയരുന്ന മരണനിരക്കുകളും പോസിറ്റീവ് കേസുകളും ചോദ്യമുയര്‍ത്തുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് രാജ്യം പ്രവേശിക്കാനൊരുങ്ങുന്നത്. നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരുക, പുറത്തുകടക്കുകയോ മറ്റൊരു സ്ഥലത്തേക്ക് പ്രവേശിക്കയോ അരുത്. ലോക്ക്ഡൗണ്‍ എന്ന അടിയന്തര പ്രോട്ടോക്കോള്‍ നിഷ്കര്‍ഷിക്കുന്നത് ഇതാണ്. അവശ്യസര്‍വീസുകള്‍ ഒഴികെ പിന്നെയെല്ലാം അടച്ചിടും. ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ചൈന, അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, മലേഷ്യ എന്നീ വിവിധ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെ പിന്‍പറ്റിയാണ് ഇപ്പോള്‍ ഇന്ത്യയും സമ്പൂര്‍ണ ലോക് ഡൗണിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
ചൈനയാണ് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനിലും ഹുബെ പ്രവിശ്യയിലെ പ്രധാന നഗരങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജനുവരി 23നാണ് അന്ന് പത്തുമണി മുതല്‍ പൊതുഗതാഗതം അടച്ചതായും വുഹാനില്‍ താമസിക്കുന്നവര്‍ നഗരം വിടുന്നത് വിലക്കിക്കൊണ്ടും ഉത്തരവ് വരുന്നത്. ഒമ്പതിനായിരം പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 463 പേര് മരണപ്പെടുകയും ചെയ്ത മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. തൊട്ടുപിറകെ മാര്‍ച്ച് 15ന് മരണസംഖ്യ 288 ആയി ഉയര്‍ന്നതോടെ സ്പെയിനും മാര്‍ച്ച് പതിനാറിന് ഫ്രാന്‍സും ലോക്ക്ഡൗണിലേക്ക് നീങ്ങി. ഏറ്റവുമൊടുവില്‍ ഇന്ത്യയും. നിലവില്‍ 519 പോസിറ്റീവ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ പത്തും.
എന്താണ് ലോക്ക്ഡൗണ്‍
ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗണ്‍. എവിടെയാണ് നിങ്ങള്‍ അവിടെ തുടരണമെന്നാണ് പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ടുദ്ദേശിക്കുന്നത്. നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നോ പ്രദേശത്ത് നിന്നോ മാറാന്‍ നിങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല.
കോവിഡ് രോഗ വ്യാപനത്തിനെതിരേയുള്ള മുന്‍കരുതലെന്നോണമാണ് രാജ്യത്തെ 80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോകുന്നത്. ഏറ്റവും അധികം ചലിക്കുന്ന നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളെല്ലാം പൂര്‍ണ്ണമായും ബന്തവസ്സിലാണ്.
അവശ്യസാധന സര്‍വ്വീസുകളെ പൊതുവെ ലോക്കഡൗണ്‍ ബാധിക്കാറില്ല. ഫാര്‍മസികള്‍, പലചരക്ക് പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവയുടെ സേവനം സാധാരണ ലോക്ക് ഡൗണുകളില്‍ നിര്‍ത്തിവെപ്പിക്കാറില്ല. അവശ്യമല്ലാത്ത എല്ലാ സര്‍വ്വീസുകളും പരിപാടികളും ആഘോഷങ്ങളും ഈ കാലയളവില്‍ പൂര്‍ണ്ണമായും നിര്‍ത്തി വെപ്പിക്കും.
എന്തെല്ലാമാണ് അവശ്യ സര്‍വ്വീസുകള്‍?
പഴം-പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം, ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പമ്പ് നടത്തിപ്പുകാര്‍. അരി മില്ലുകള്‍, പാല്, പാല് ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, ഫാര്‍മസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങള്‍, ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ കാലയളവില്‍ തടസ്സമുണ്ടാവില്ല
നിയമം ലംഘിച്ചാല്‍
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഒരുമാസം തടവും പിഴയുമാണ് ശിക്ഷ.
ജോലി സ്ഥലത്ത് പോകാനാവുമോ
പ്രധാന നഗരങ്ങളിലെ സ്വകാര്യ കമ്പനികളോടെല്ലാം തന്നെ വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ജീവനക്കാര്‍ക്ക് നല്കാന് സര്‍ക്കാര്‍ ഇതിനോടകം തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കും വരെ ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉള്‍പ്പെടുത്തി വേണം ഓരോ സ്ഥാപനവും ജോലി ചിട്ടപ്പെടുത്താന്‍. കൂലിത്തൊഴിലാളികള്‍ക്കും ദിവസവേതന തൊഴിലാളികള്‍ക്കും ആശ്വാസ സഹായം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം വന്നാല്‍
ആശുപത്രി, ഫാര്‍മസി പോലുള്ള അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റാന്‍ തടസ്സമുണ്ടാവില്ല. ഗതാഗത സംവിധാനങ്ങള്‍ പരിമിതപ്പെടുത്തിയതിനാല്‍ കടകളിലെയും മാളുകളിലെയും സ്റ്റോക്കുകളെല്ലാം കുറവായിരിക്കും. അവശ്യ സാധനങ്ങള്‍ വാങ്ങാം. സാധനങ്ങള്‍ കണ്ടമാനം വാങ്ങിക്കൂട്ടി വിപണികളില്‍ ലഭ്യതക്കുറവുണ്ടാക്കരുത്.
content highlights: prime minister narendra modi declares national lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..