വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുന്നു | Photo: ANI
ന്യൂഡല്‍ഹി: കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. കോവിഡ് രണ്ടാം തരംഗം തീര്‍ത്ത പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഓണ്‍ലൈനായി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. ജൂലൈ 16-നാണ് കൂടിക്കാഴ്ച. ദിനംപ്രതി കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളാണ് ഇവ.
കഴിഞ്ഞ ദിവസം കേരളത്തില്‍ 7,798 പുതിയ കോവിഡ് കേസുകളും 100 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 7,603 പുതിയ കോവിഡ് കേസുകളും 53 കോവിഡ് മരണങ്ങളുമാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ 2,652 പുതിയ കേസുകളും 36 കോവിഡ് മരണങ്ങളുമാണ് ഇന്നലെ. അതേസമയം, ഒഡീഷയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9,43,675 ആയി ഉയര്‍ന്നു. 1,930 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി എട്ടു വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായെത്തുന്നതിനെ യോഗത്തില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. 'ടെസ്റ്റ്- ട്രാക്ക്- ട്രീറ്റ്' ഫോര്‍മുലയുടെ പ്രാധാന്യവും അദ്ദേഹം യോഗത്തില്‍ ആവര്‍ത്തിച്ചു.
കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധത്തിലെ അലംഭാവത്തെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂട്ടം കൂടി നില്‍ക്കുന്നത് വലിയ തോതിലുള്ള രോഗവ്യാപനത്തിന് ഇടയാക്കുമെന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
Content Highlights: Prime Minister Narendra Modi convened meeting with 6 Chief Ministers including Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..