ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നടത്താനിരുന്ന പശ്ചിമ ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനുള്ള അവലോകന യോഗങ്ങളില്‍ പങ്കെടുക്കുന്നതിനാലാണ് സന്ദര്‍ശനം റദ്ദാക്കിയത്. 

കോവിഡ് 19 സാഹചര്യം വിലയിരുത്തുന്നതിനായി നാളെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുമെന്നും അതിനാല്‍ പശ്ചിമ ബംഗാളിലേക്ക് പോകില്ലെന്നും മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. 

മൂര്‍ഷിദാബാദ്, മാള്‍ഡ, ബീര്‍ഭും, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായിരുന്നു പ്രധാനമന്ത്രി നിശ്ചയിച്ചിരുന്നത്. ഇതാദ്യമായാണ് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പ്രധാനമന്ത്രി റദ്ദാക്കുന്നത്. 

ആഭ്യന്തരമന്ത്രി അമിത് ഷായും പശ്ചിമ ബംഗാളിലെ പ്രചാരണം വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന മൂന്ന് പൊതുയോഗങ്ങളില്‍ രണ്ടെണ്ണം റദ്ദാക്കിയ അദ്ദേഹം, കോവിഡ് അവലോകന യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് തിരിച്ചു. 

രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗത്തില്‍ രോഗഹബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 

content highlights: prime minister narendra modi cancels west bengal visit