ന്യൂഡല്‍ഹി: കേരളത്തിന് ലഭിച്ച കോവിഡ് വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ വിനിയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

സംസ്ഥാനത്തിന് ലഭിച്ച വാക്‌സിന്‍ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചെന്നും വയലില്‍ വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള ഡോസും ആളുകള്‍ക്ക് നല്‍കിയെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ മറുപടി.

വാക്‌സിന്‍ പാഴാവുന്നത് ചുരുക്കി നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും നഴ്‌സുമാരും കാണിച്ച മാതൃക നല്ല കാര്യമാണ്. കോവിഡ് 19-ന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിന്‍ പാഴാക്കല്‍ കുറയ്‌ക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു. 

കേരളത്തിന് 73,38,806 ഡോസ് കോവിഡ് വാക്‌സിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചത്. ഓരോ വയലിലും വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള അധികഡോസും വിനിയോഗിക്കുകയും 74,26,164 ഡോസ് കോവിഡ് വാക്‌സിന്‍ ഇതിനകം നല്‍കുകയും ചെയ്തു എന്ന് മുഖ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് നഴ്‌സുമാരുടെ മികച്ച കാര്യക്ഷമതയ്ക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു.

content highlights: prime minister narendra modi appreciates kerala health workers on covid vaccination