ന്യൂഡല്‍ഹി: പരീക്ഷാ കാലം സമ്മര്‍ദ്ദങ്ങളുടെയും പേടിയുടെയുമല്ല, മറിച്ച് അത് ഉത്സവത്തിന്റ കാലമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷാ സമയത്തെ പേടിയും രക്ഷിതാക്കളുടെ സമ്മര്‍ദ്ദവും വിഷയമായി അവതരിപ്പിച്ച തത്സമയ റേഡിയോ പരിപാടിയില്‍ വിവിധ കോണുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കി. 

പരീക്ഷാ കാലത്ത് കൂടുതല്‍ ചിരിച്ച് പരീക്ഷയെ നേരിട്ടാല്‍ കൂടുതല്‍ മാര്‍ക്ക് നേടാന്‍ സാധിക്കും. പരീക്ഷാ സമയത്ത് രക്ഷിതാക്കള്‍ കുട്ടികളോട് സംസാരിക്കണം. പക്ഷെ അത് അവരെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലാകരുത്. ഈ കാലത്ത് എല്ലാവരും വളരെ വീര്‍പ്പു മുട്ടുന്നതായി കാണാം.

ഇതിനു കാരണം രക്ഷിതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നതിനു പകരം സമ്മര്‍ദ്ദം ചെലുത്തുന്നതുകൊണ്ടാണ്. ഇങ്ങനെ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കരുത്. പകരം ഉത്സവ കാലത്തെ പോലെ കുടുംബത്തില്‍ സന്തോഷം നിഴലിക്കണം. സന്തോഷമുള്ളിടത്ത് വിജയമുണ്ടാകും.  
 
കുടുംബത്തിലെ എല്ലാവരും ഒറ്റക്കെട്ടായി പരീക്ഷയെ നേരിടണം. പരീക്ഷാ കാലത്ത് കുട്ടികള്‍ക്ക് അമിത ഭാരമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കരുത്. കുടുംബത്തിലെ എല്ലാവരും സന്തോഷത്തോടെ കൂടെ നില്‍ക്കുമ്പോള്‍ കുട്ടിക്ക് ആത്മ വിശ്വാസം വര്‍ധിക്കും. ഇത് പരീക്ഷയ്ക്ക് ഗുണം ചെയ്യും.

മാര്‍ക്ക് മാത്രമായി വിദ്യാഭ്യാസം മാറുന്നു എന്ന് ചോദ്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇതായിരുന്നു. മാര്‍ക്കും മാര്‍ക്ക് ലിസ്റ്റും ജീവിതത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. അറിവും അതിന്റെ ഉപയോഗവുമാണ് പ്രധാനം.

ഡോക്ടറെ കാണാന്‍ പോകുമ്പോഴും വക്കീലിനെ കാണാന്‍ പോകുമ്പോഴും നിങ്ങള്‍ മാര്‍ക്ക് ലിസ്റ്റ് പരിശോധിക്കാറില്ല. അവിടെ കഴിവു മാത്രമാണ് പ്രധാനം. അതുകൊണ്ട് മാര്‍ക്ക് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം കഴിവും അറിവും വളര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന പ്രധാനമന്ത്രി പറഞ്ഞു.

പരീക്ഷാ കാലങ്ങളില്‍ കുട്ടികളെ സ്വീകരിക്കുക അവരുടെ കാര്യങ്ങള്‍ ചോദിച്ചറിയുക, സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക, സന്തോഷമുള്ള സാഹചര്യമൊരുക്കുക എന്നീ മൂന്ന് കാര്യങ്ങളാണ്  രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി  ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.