ലക്‌നൗ:  ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് ഇല്ലാതെ ജീവിക്കണമെങ്കില്‍ വലിയ ബുദ്ധിമുട്ടാണ്. ഇപ്പോളാകട്ടെ, കാര്യങ്ങള്‍ നടക്കണമെങ്കില്‍ സാക്ഷാല്‍ ശ്രീരാമനു പോലും ആധാര്‍ കാര്‍ഡ് വേണമെന്ന അവസ്ഥയാണ്.

ഉത്തര്‍ പ്രദേശിലെ ബാംദ ജില്ലയിലെ പൂജാരി മഹന്ത് രാം കുമാര്‍ ദാസ്‌ ക്ഷേത്രത്തിന്റെ കൃഷിയിടത്തില്‍ വിളഞ്ഞ ധാന്യം വില്‍ക്കാനായി മാര്‍ക്കറ്റില്‍ പോയപ്പോഴാണ് ഭൂ ഉടമയുടെ ആധാര്‍ കാര്‍ഡ് വേണമെന്ന് മനസ്സിലാക്കുന്നത്. ധാന്യങ്ങള്‍ വില്‍ക്കണമെങ്കില്‍ സ്ഥലത്തിന്റെ ഉടമയുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്നാണ് നിയമം. ക്ഷേത്രവും ക്ഷേത്രഭൂമിയും പ്രധാന പ്രതിഷ്ഠകളായ ശ്രീരാമന്റെയും സീതാദേവിയുടെയും പേരിലാണ്. സ്വഭാവികമായും ഇവരുടെ ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലെ സര്‍ക്കാര്‍ മണ്ഡിയില്‍ ധാന്യം വില്‍ക്കാന്‍ കഴിയൂ.  

കുര്‍ഹാര വില്ലേജിലെ അട്ടാര എന്ന സ്ഥലത്താണ് സംഭവം. രാം ജാനകി ക്ഷേത്രത്തിലെ പൂജാരിയോടാണ് ദൈവത്തിന്റെ ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. 100 ക്വിന്റല്‍ ഗോതമ്പാണ് വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ മണ്ഡിയിലെത്തിച്ചത്. ഏഴ് ഹെക്ടര്‍ വരുന്ന ക്ഷേത്രഭൂമി ശ്രീരാമന്റെയും സീതാദേവിയുടെയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ദേവന്റെയും ദേവിയുടെയും പേരിലുള്ള ആധാര്‍ കാര്‍ഡ് എടുക്കാത്തതിനാല്‍ ധാന്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ ഇതുവരെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പൂജാരി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ കണ്ട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

ആധാര്‍ കാര്‍ഡുണ്ടെങ്കില്‍ മാത്രമെ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയുവെന്നാണ് മജിസ്‌ട്രേറ്റ് വ്യക്തമാക്കിയത്.  കഴിഞ്ഞ വര്‍ഷം 150 ക്വിന്റല്‍ ധാന്യം സര്‍ക്കാര്‍ മണ്ഡിയില്‍ വിറ്റതാണെന്നും കഴിഞ്ഞ ഏഴു വര്‍ഷമായി ധാന്യം കൃഷി ചെയ്തു വില്‍ക്കാറുണ്ടെന്നും ആദ്യമായാണ് ഇങ്ങനെയൊരു  അനുഭവമെന്നും പൂജാരി പറയുന്നു.  

നിയമം ഉണ്ടാക്കിയത് സര്‍ക്കാര്‍ ആണെന്നും ഭൂമിയുടെ ഉടമസ്ഥതയിലുള്ള വ്യക്തിയുടെ ആധാര്‍ കാര്‍ഡ് ഹാജരാക്കിയാലെ ധാന്യം വില്‍ക്കാന്‍  കഴിയുവെന്നും ഒരാള്‍ക്ക് വേണ്ടി നിയമം മാറ്റാനാകില്ലെന്നും  ജില്ലാ സപ്ലൈ ഓഫീസറും വ്യക്തമാക്കി.

Content Highlight: priest asked to bring God's Aadhaar card to sell wheat