ന്യൂഡല്‍ഹി:  രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് ധാരണയായി. 250 രൂപയാണ് ഒരു ഡോസ് വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുക എന്നാണ് വിവരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തും. വാക്‌സിന്‍ നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്.

വാക്‌സിന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് ഈടാക്കുകയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക.

60 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജ്യനിരക്കിലാണ് രാജ്യത്തുടനീളം ലഭ്യമാക്കുക. 

കേരളത്തില്‍ വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ വാകിസിനേഷന്‍ പണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച ശേഷം സംസ്ഥാന സര്‍ക്കാർ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അറുപത് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കും. 60 വയസ്സ് കഴിഞ്ഞവര്‍ 10 കോടിയിലധികം വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. 45 വയസ്സുള്ളവര്‍ രോഗം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Content Highlights: Price of COVID19 vaccine -Rs 250 in private hospitals