ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്റെ മണ്ണ് മൗലികവാദത്തിനും ഭീകരവാദത്തിനും ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനില്‍ ഉചിതമായ മാറ്റങ്ങളുണ്ടാകാന്‍ ലോകരാജ്യങ്ങളുടെ യോജിച്ചുള്ള പ്രതികരണം വേണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ വിഷയത്തിന്മേലുള്ള അസാധാരണ ജി-20 ഉച്ചകോടിയില്‍ വിര്‍ച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്താനെ കുറിച്ചുള്ള ജി-20 ഉച്ചകോടിയില്‍ പങ്കെടുത്തു. അഫ്ഗാന്റെ മണ്ണ് മൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമാകുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു- മോദി ട്വീറ്റ് ചെയ്തു. 

അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തരവും തടസ്സങ്ങളില്ലാത്തതുമായ മനുഷ്യത്വപരമായ സഹായം നല്‍കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ആ രാജ്യത്ത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു ഭരണകൂടത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രി അടിവരയിട്ടു. അഫ്ഗാനിസ്താനിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതിയുടെ 2593-ാം പ്രമേയം അടിസ്ഥാനമാക്കിയ യോജിച്ചുള്ള അന്താരാഷ്ട്ര പ്രതികരണം വേണമെന്നും മോദി പറഞ്ഞു. 

ഇന്ത്യയുടെ അധ്യക്ഷതയില്‍ യു.എന്‍. സുരക്ഷാസമിതി ഓഗസ്റ്റ് 30-ന് പാസാക്കിയ പ്രമേയം അഫ്ഗാനില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. കൂടാതെ അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കരുതെന്നും പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രീയമായ ഒത്തുതീര്‍പ്പിലെത്തിച്ചേരണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.

content highlights: prevent afghanistan from becoming the source of terrorism- narendra modi