1. രാഹുൽഗാന്ധി 2. പുതിയ പാർലമെന്റ് മന്ദിരം | Photo - ANI,PTI
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഉദ്ഘാടന ചടങ്ങിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അദ്ദേഹത്തിന്‍റെ പരാമർശം. മെയ് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതി പാർലമെന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ പൊങ്ങച്ചം കാണിക്കുന്നതിനുള്ള പദ്ധതിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ വിമര്‍ശിച്ച് മറ്റുപല പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. സഭയുടെ നാഥനല്ല, സര്‍ക്കാരിന്റെ തലവന്‍ മാത്രമാണ് പ്രധാനമന്ത്രി എന്ന വിമര്‍ശനമാണ് പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിയത്. ലോക്‌സഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ മന്ദിരം ഉദ്ഘാടനം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചിരുന്നു. 'എന്തുകൊണ്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പൊതുപണം ഉപയോഗിച്ചല്ലേ അത് നിര്‍മിച്ചത്. തന്റെ സുഹൃത്തുക്കളുടെ പണംകൊണ്ട് നിര്‍മിച്ചതാണ് മന്ദിരം എന്ന നിലയിലാണ് പ്രധാനമന്ത്രി പെരുമാറുന്നത്', ഒവൈസി വിമര്‍ശിച്ചിരുന്നു.
സവര്‍ക്കറുടെ ജന്മദിനമായ മെയ് 28-ന് ഉദ്ഘാടന ചടങ്ങ് നടത്തുന്നതിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുലും രംഗത്തെത്തിയത്.
Content Highlights: new parliament building pm modi rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..