ലഖ്‌നൗ: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണത്തില്‍ കുരുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീ മരിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ഉത്തര്‍പ്രദേശ് പോലീസ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കഴിഞ്ഞ ദിവസം രാത്രി കാണ്‍പൂരിലെത്തിയിരുന്നു. 

സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെത്തുടർന്നാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് പോയ വന്ദന മിശ്ര എന്ന അമ്പതുകാരിക്ക് കാത്തുകിടക്കേണ്ടി വന്നത്. ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഇവര്‍ മരിച്ചു. നേരത്തേ കോവിഡ് 19 ബാധിച്ചയാളാണ് വന്ദന. രോഗമുക്തി നേടിയെങ്കിലും പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് ഇവരുമായി കുടുംബാംഗങ്ങള്‍ ആശുപത്രിയിലേക്ക് തിരിച്ചത്. 

കാണ്‍പുര്‍ പോലീസിനുവേണ്ടിയും വ്യക്തിപരമായും താന്‍ മാപ്പുചോദിക്കുന്നതായി കാണ്‍പുര്‍ പോലീസ് മേധാവി അസിം അരുണ്‍ ട്വീറ്റ് ചെയ്തു.'വന്ദന മിശ്രയുടെ നിര്യാണത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഇത് ഭാവിയിലേക്കുളള ഒരു വലിയ പാഠമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി കഴിയാവുന്നത്ര ചുരുങ്ങിയ സമയം മാത്രം പൗരന്മാരെ കാത്തുനിര്‍ത്തുന്ന രീതിയിലുളളതായിരിക്കും ഞങ്ങളുടെ റൂട്ട് സംവിധാനം എന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.' അദ്ദേഹം ട്വീറ്റ് ചെയ്തു.  

തന്റെ യാത്ര സുഗമമാക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ രാഷ്ട്രപതി അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം പോലീസ് കമ്മിഷണറെയും ജില്ലാ മജിസ്‌ട്രേറ്റിനെയും നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു. തന്റെ അനുശോചനം കുടുംബത്തെ അറിയിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

സംഭവത്തെ തുടര്‍ന്ന് ഒരു സബ് ഇന്‍സ്‌പെക്ടറിനെയും മൂന്ന് കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്തു.അന്വേഷണം നടത്തുന്നതിനായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Content Highlights: UP women's death due to traffic restrictions, UP police apologise