നാരായണസാമി ലഫ്. ഗവർണർക്ക് രാജിക്കത്ത് കൈമാറുന്നു | photo: PTI
ന്യൂഡല്‍ഹി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ ബുധനാഴ്ച കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു.
ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി രാജിവെച്ചതിനു പിന്നാലെയാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.
മുഖ്യമന്ത്രി രാജിവെക്കുകയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും അവകാശവാദം ഉന്നയിക്കാതിരിക്കുകയും ചെയ്തതോടെയാണ് നിയമസഭ പിരിച്ചുവിടാന്‍ ലഫ്.ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. ഇത് പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഭ പിരിച്ചുവിട്ടു. മൂന്ന് മാസത്തിനുള്ളില്‍ പുതുച്ചേരിയില്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.
26 അംഗ സഭയില്‍ നിന്ന് അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയും ഉള്‍പ്പെടെ ആറ് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് പുതുച്ചേരിയില്‍ നാരായണസ്വാമി സര്‍ക്കാര്‍ വീണത്. 26 അംഗ സഭയില്‍ 14 ആണ് ഭൂരിപക്ഷം. ആറ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അംഗബലം 12 ആയി കുറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസവോട്ടടെടുപ്പിന് മുന്നോടിയായി വി.നാരായണസ്വാമിയും ഭരണപക്ഷ എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. ''മുന്‍ ലഫ്.കേണല്‍ കിരണ്‍ ബേദിയും കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവുമായി സഹകരിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
Content Highlights: President's Rule imposed in Puducherry, Assembly suspended till end of term
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..