നാല് മതങ്ങളുടെ പ്രാര്‍ഥന; ദ്രോണാചാര്യക്ക് നല്‍കിയ 'പ്രസിഡന്റ്‌സ്‌ കളര്‍' യഥാർത്ഥത്തിൽ എന്താണ്‌?


സ്വന്തം ലേഖകന്‍

Premium

രാഷ്ട്രപതി ദ്രൗപദി മുർമു എഎൻഎസ് ദ്രോണാചാര്യക്ക് 'പ്രസിഡന്റ് കളർ' സമ്മാനിക്കുന്നു

ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടില്‍ സൈനികാചാരങ്ങളുടെ നിറച്ചാര്‍ത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഐ.എന്‍.എസ്. ദ്രോണാചാര്യക്ക് 'പ്രസിഡന്റ്‌സ്‌ കളര്‍' സമ്മാനിക്കുകയുണ്ടായി. ഇന്ത്യന്‍ സൈനിക വിഭാഗം, സൈനിക പരിശീലന കേന്ദ്രം, കേന്ദ്ര-സംസ്ഥാന പോലീസ് സേന എന്നിവയ്ക്ക് പരമോന്നത കമാന്‍ഡറായ രാഷ്ട്രപതി നല്‍കുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ഹിന്ദിയില്‍ നിഷാന്‍ എന്ന് വിളിക്കുന്ന പ്രസിഡന്റ്‌സ്‌ കളര്‍. സമാധാനത്തിലും യുദ്ധത്തിലും രാഷ്ട്രത്തിന് നല്‍കിയ അസാധാരണ സേവനത്തിനുള്ള അംഗീകാരമായാണ് സൈനിക വിഭാഗങ്ങള്‍ക്ക് പ്രസിഡന്റ്‌സ്‌ കളര്‍ നല്‍കുന്നത്. 1951 മെയ് 27-ന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യന്‍ നാവികസേനയ്ക്ക്‌ ആദ്യമായി പ്രസിഡന്റ്‌സ്‌ കളര്‍ സമ്മാനിച്ചു.

നിഷാന്‍ എന്ന് വിളിക്കുന്ന പ്രസിഡന്റ്‌സ്‌ കളര്‍ ഒരു പ്രത്യേക പതാകയാണ്. കൊടിമരവുമായി ബന്ധിപ്പിക്കുന്ന ഭാഗമൊഴികെയുള്ളിടത്തെല്ലാം സ്വര്‍ണക്കരയും സ്വര്‍ണക്കിന്നരിയും തുന്നിയാണ് ഇതിനെ മനോഹരമാക്കിയിരിക്കുന്നത്. ദേശീയപതാകയ്‌ക്കൊപ്പം ഏത് വിഭാഗത്തിനാണോ പുരസ്‌കാരം ലഭിക്കുന്നത് അവരുടെ ചിഹ്നവും നേട്ടങ്ങളും പങ്കാളിത്തവും ഉള്‍പ്പെടുത്തിയാകും ഇത് രൂപകല്‍പ്പന ചെയ്യുക. ഐ.എന്‍.എസ്. ദ്രോണാചാര്യക്ക് ലഭിച്ച പ്രസിഡന്റ്‌സ്‌ കളറില്‍ നേവല്‍ എന്‍സൈനിനെപ്പോലെ ദേശീയപതാക, നാവികമുദ്ര, അശോകസ്തംഭം എന്നിവ ഉള്‍പ്പെടുത്തിയാണ് നിഷാന്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

ചരിത്രം

പ്രസിഡന്റ്‌സ്‌ കളര്‍ പുരസ്‌കാരത്തിന്‌ പുരാതന ഇന്ത്യന്‍ ആചാരങ്ങള്‍ തൊട്ടുള്ള മഹത്തായ ചരിത്രമുണ്ട്. പുരാതനകാലത്ത് രാജാവിന്റെ പരമാധികാരം പ്രഖ്യാപിക്കുന്നതിനായി സൈനികശക്തികള്‍ മാര്‍ച്ച് നടത്തുമ്പോള്‍ രാജാവിന്റെ പതാകയോ ഏതെങ്കിലും തരത്തിലുള്ള ബാനറുകളോ ഉയര്‍ത്താറുണ്ടായിരുന്നു. 'ധ്വജ്' എന്ന് പറയപ്പെടുന്ന ഈ പതാക ശത്രുക്കള്‍ പിടിച്ചടക്കുന്നത് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമായിരുന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ധ്വജ് പിടിച്ചടക്കുന്നത് വലിയ വിജയമായും ബഹുമാനമായും എതിരാളികൾ അന്ന് കണ്ടിരുന്നു.

ബ്രിട്ടീഷ് ഭരണത്തിന് കീഴിലും ഈ ആചാരം സജീവമായി തന്നെ ഇന്ത്യയില്‍ തുടര്‍ന്നു. ബ്രിട്ടീഷ് സായുധസേന ഇന്ത്യയില്‍ സൈനിക മാര്‍ച്ച് നടത്തുമ്പോൾ ഓരോ സൈനിക വിഭാഗവും രാജാവിന്റെ/രാജ്ഞിയുടെ പതാകയുടെ പതിപ്പ് വഹിച്ചിരുന്നു. 1950 ജനുവരി 26-ന് രാജ്യം റിപ്പബ്ലിക് ആകുന്നതിന് തലേദിവസം റോയല്‍ ഇന്ത്യന്‍ ആര്‍മി, റോയല്‍ ഇന്ത്യന്‍ നേവി, റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ്‌ എന്നിവയ്ക്ക് നല്‍കിയിരുന്ന രാജാവിന്റെ/രാജ്ഞിയുടെ കളര്‍ അല്ലെങ്കില്‍ പതാക മാറ്റി.

രാജാവിന്റെ/രാജ്ഞിയുടെ കളര്‍ എന്നത് പിന്നീട് പ്രസിഡന്റ് ഓഫ് റിപ്പബ്ലിക് ഇന്ത്യയുടെ കളര്‍ എന്നു പുനര്‍നാമകരണം ചെയ്യുകയുണ്ടായി. 1951 മെയ് 27-ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യന്‍ നാവികസേനയ്ക്ക് പ്രസിന്റ്‌സ്‌ കളര്‍ സമ്മാനിച്ചു.

അവാര്‍ഡ് വിതരണ ചടങ്ങ്

സൈനിക ആചാരപ്രകാരം പ്രൗഢഗംഭീര ചടങ്ങിലാണ് 'പ്രസിഡന്റ്‌സ്‌ കളര്‍' കൈമാറുക. രാഷ്ട്രപതിയായിരിക്കും ചടങ്ങില്‍ മുഖ്യാതിഥി. സൈനിക ആചാരങ്ങള്‍ക്കും ഗണ്‍ സല്യൂട്ടുകള്‍ക്കും ശേഷം ഹിന്ദു, ഇസ്ലാം, ക്രൈസ്തവ, സിഖ് മതങ്ങളുടെ പ്രതിനിധികളായ നാലു പേര്‍ ചൊല്ലിയ പ്രാര്‍ഥനകള്‍ക്കും ആശീര്‍വാദങ്ങള്‍ക്കും ശേഷമാണ് 'കളര്‍' ബന്ധപ്പെട്ടവര്‍ ഏറ്റുവാങ്ങുക. കൊച്ചിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുന്നില്‍ മുട്ടുകുത്തി ഐ.എന്‍.എസ്. ദ്രോണാചാര്യയുടെ ലഫ്. കമാന്‍ഡര്‍ ദീപക് സ്‌കറിയയാണ് പ്രസിഡന്റ്സ് കളര്‍ ഏറ്റുവാങ്ങിയത്.

പ്രസിഡന്റ്‌സ്‌ കളര്‍ സായുധ സേനക്കാണ് നല്‍കുന്നതെങ്കില്‍ രാഷ്ട്രപതിയുടെ അഭാവത്തില്‍ സൈനിക മേധാവിമാര്‍ക്ക് മാത്രമാണ് അവാര്‍ഡ് കൈമാറാനുള്ള അധികാരം. സംസ്ഥാന പോലീസ് സേനകള്‍ക്കും മറ്റു സംഘടനകള്‍ക്കുമാണ് പ്രസിഡന്റ്‌സ്‌ കളര്‍ നല്‍കുന്നതെങ്കില്‍ രാഷ്ട്രപതിയുടെ അഭാവത്തില്‍ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അല്ലെങ്കില്‍ ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് കൈമാറാം.

ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, ജമ്മു കശ്മീര്‍, ഗുജറാത്ത്, ത്രിപുര, ഹിമാചല്‍ പ്രദേശ്, ഹരിയാന,അസം പോലീസ് വിഭാഗങ്ങൾക്ക്‌ ഇതിനകം പ്രസിഡന്റ്‌സ്‌ കളര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Content Highlights: President’s Colour: All you need to know about the highest honour for military units in India

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented