തിരുവനന്തപുരം: മഴയെ വകവയ്ക്കാതെ സേനാവിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് രാഷ്ടപതി രാംനാഥ് കോവിന്ദ്. രാഷ് ട്രപതിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ രാംനാഥ് കോവിന്ദ് തലസ്ഥാനത്ത് വിമാനം ഇറങ്ങുമ്പോള്‍ മഴയുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കുട ചൂടി നല്‍കി. എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുമ്പോഴും മഴ തുടര്‍ന്നു. ഈ സമയം കുടചൂടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും അദ്ദേഹം അത് നിരുത്സാഹപ്പെടുത്തി.

മഴ നനഞ്ഞുകൊണ്ട് തന്നെ രാഷ്ടപതി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ 9.30ഓടെയാണ് രാഷ്ടപതി തിരുവനന്തപുരത്ത് എയര്‍ഫോഴ്സ് ഏരിയയില്‍ വിമാനമിറങ്ങിയത്. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. 

കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം കേരളത്തിലെത്തിയത്.11 മണിക്ക് അമൃതാനന്ദമയീ മഠത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ടപതി സംബന്ധിക്കും. ചടങ്ങിനു ശേഷം കായംകുളം എന്‍.ടി.പി.സി. ഹെലിപാഡില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. ഉച്ചയ്ക്ക് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.