-
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ലോകം മുഴുവനുമുള്ള ജനജീവിതം തകിടംമറിച്ചുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. കോവിഡ് പോരാട്ടത്തിന് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
കോവിഡിന് എതിരായ പോരാട്ടം നടത്തിയ എല്ലാ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ആരോഗ്യ പ്രവര്‍ത്തകരോടും മുന്നില്‍നിന്ന് പൊരുതിയ എല്ലാവരോടും രാജ്യം കടപ്പെട്ടിരിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവച്ചത്. കൊറോണ യോദ്ധാക്കളെ അഭിനന്ദിച്ചാല്‍ അത് കുറഞ്ഞുപോകും. ചെയ്യാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തിയത്. അതിലൂടെയാണ് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും അവശ്യ സര്‍വീസുകള്‍ ലഭ്യമാക്കാനും കഴിഞ്ഞത്.
വ്യത്യസ്ത രീതിയിലാണ് ഇത്തവണ നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. മാരകമായ വൈറസ് മനുഷ്യജീവന് ഭീഷണി ഉയര്‍ത്തുകയും എല്ലാതരത്തിലുള്ള പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. ലോകത്തെ പിടിച്ചുലച്ച മഹാമാരിയുടെ വ്യാപനത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞു. നിരവധി മനുഷ്യ ജീവനുകള്‍ സംരക്ഷിക്കുന്നതില്‍ നാം വിജയിച്ചു.
വിശാലവും ജനസാന്ദ്രത ഏറിയതും വ്യത്യസ്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതുമായ നമ്മുടെ രാജ്യത്ത് വെല്ലുവിളിയെ നേരിടാന്‍ കഴിഞ്ഞത് അസാധാരണമായ പരിശ്രമത്തിലൂടെയാണ്. പ്രാദേശിക സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞു. ജനങ്ങള്‍ അതിനെല്ലാം പൂര്‍ണ പിന്തുണ നല്‍കി. ലോകത്ത് എവിടെയുമുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. കോവിഡ് മഹാമാരിക്കിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ വന്ദേ ഭാരത് ദൗത്യത്തിലൂടെ രാജ്യത്ത് എത്തിച്ചു.
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കി. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകേണ്ടിവന്നവര്‍ക്കും കോവിഡ് വ്യാപനംമൂലം ജീവിതമാര്‍ഗം തടസപ്പെട്ടവര്‍ക്കും അത് ആശ്വാസമായി. സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമുള്ളവര്‍ക്കെല്ലാം നല്‍കിയതിനാല്‍ ഒരു കുടുംബത്തിനും വിശന്ന് കഴിയേണ്ടി വന്നില്ല. എല്ലാ മാസവും 80 കോടി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ റേഷന്‍ ഉറപ്പാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.
Content Highlights: President Ramnath Kovind's address to nation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..