ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതില്‍ കര്‍ഷകരുടെ സംഭാവന എടുത്തു പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 

ഭക്ഷ്യധാന്യങ്ങളിലും പാല്‍ ഉത്പന്നങ്ങളിലും നമ്മെ സ്വയംപര്യാപ്തരാക്കിയ കര്‍ഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നുവെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. പ്രകൃതിയുടെ പല പ്രതികൂല സാഹചര്യങ്ങളിലും മറ്റ് നിരവധി വെല്ലുവിളികള്‍ക്കിടയിലും കോവിഡ് മഹാമാരിക്കാലത്തും നമ്മുടെ കര്‍ഷകരാണ് കാര്‍ഷിക ഉത്പാദനം നിലനിര്‍ത്തിയതെന്നും രാഷ്ട്രപതി പറഞ്ഞു. ഈ രാജ്യവും സർക്കാരും മുഴുവൻ ജനങ്ങളും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

"വൈറസ് വ്യാപനത്തിന്റെ വ്യാപ്തി കുറച്ചതില്‍ രാജ്യത്തെ കര്‍ഷകരും പട്ടാളക്കാരും ശാസ്ത്രജ്ഞരും വലിയ സംഭാവനയാണ് നല്‍കിയത്. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് മരണ സംഖ്യ പിടിച്ചു നിര്‍ത്തിയതിലും അവര്‍ വലിയ സംഭാവനയാണ് നല്‍കിയത്", രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. 

കോവിഡ് വാക്സിനെടുക്കാനും അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു. ഭരണകൂടവും ആരോഗ്യ സംവിധാനങ്ങളും പൂര്‍ണ സന്നദ്ധതയോടെയാണ് വാക്സിനേഷൻ യജ്ഞത്തിനായി പ്രവര്‍ത്തിക്കുന്നത്.  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാക്‌സിൻ എടുക്കാന്‍ ഈ സന്ദര്‍ഭത്തില്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണെന്നും രാഷ്ട്രപടി പറഞ്ഞു.

പട്ടാളക്കാർ നടത്തിയ ത്യാഗങ്ങളെയും രാഷ്ട്രപതി പരാമർശിച്ചു. "കഴിഞ്ഞ വര്‍ഷം പ്രതികൂല സമയമായിരുന്നു, അത് പല മേഖലകളിലും നിഴലിച്ചു. അതിര്‍ത്തിയില്‍ ഒരു കയ്യേറ്റ നീക്കത്തെ നമ്മള്‍ നേരിട്ടു, നമ്മുടെ ധീരരായ സൈനികര്‍ ആ ശ്രമം പരാജയപ്പെടുത്തി. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, അവരില്‍ 20 പേര്‍ക്ക് ജീവന്‍ കൈവെടിയേണ്ടിവന്നു. ധീരരായ സൈനികരോട് രാഷ്ട്രം നന്ദിയുള്ളവരായിരിക്കും", രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

content highlights: President Ram Nath kovind speaks about farmers