ന്യൂഡല്‍ഹി:  പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.  രബീന്ദ്രനാഥ ടാഗോറിന്റെ ആശയങ്ങള്‍ മുറുകെപ്പിടിച്ച് പുതിയ ഇന്ത്യയെ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിനിടെ ശ്രീനാരായണ ഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്ന ശ്ലോകം രാഷ്ട്രപതി ഉദ്ധരിച്ചതും ശ്രദ്ധേയമായി. ഗുരുവിന്റെ ആശയങ്ങള്‍ സര്‍ക്കാരിന് വെളിച്ചം പകരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

 • തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. 
 • 61 കോടിയിലധികം ജനങ്ങള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗപ്പെടുത്തി. 
 • ഇത് പുതിയ റെക്കോഡാണ്. സര്‍ക്കാരിന് ജനങ്ങള്‍ കൃത്യമായ ഭൂരിപക്ഷം നല്‍കി. 
 • എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന ആശയത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 
 • എല്ലാവരെയും ഒന്നായി കാണുകയാണ് സര്‍ക്കാരിന്റെ നയം. 
 • വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ജനങ്ങളുടെ അംഗീകാരം ലഭിച്ചു. സ്ത്രീവോട്ടര്‍മാരുടെ സജീവ പങ്കാളിത്തം തിരഞ്ഞെടുപ്പിലുണ്ടായി. 
 • തിരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദനം 
 • 13,000 കോടിയുടെ കാര്‍ഷിക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമായി. 
 • 2022 നകം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. 
 • രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജലക്ഷാമം. 
 • ജവാന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും.
 • ചെറുകിട കച്ചവടക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.
 • ബേഠി ബച്ചാവോ ബേഠീ പഠാവോ വ്യാപിപ്പിക്കും.
 • ആദിവാസി ക്ഷേമം സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം
 • വരും തലമുറകള്‍ക്കായി ജലം സംരക്ഷിക്കേണ്ടതുണ്ട്.
 • ജല ശക്തി മന്ത്രാലയം രൂപീകരിച്ചത് നിര്‍ണായകമായ ചുവടുവെപ്പാണ്.
 • 112 ആസ്പിരേഷണല്‍ ജില്ലകള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ വലിയതോതില്‍ ആരംഭിക്കാന്‍ പോകുന്നു
 • ലോകത്തിലേറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്ള രാജ്യം ഇന്ന് ഇന്ത്യയാണ്. 
 • സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്നതിന് മുത്തലാഖും നിക്കാഹ് ഹലാലയും ഒഴിവാക്കപ്പെടേണ്ടതാണ്.
 • എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സുരക്ഷിതവും ശക്തവുമായ ഇന്ത്യയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
 • കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും അഭിമാനത്തോടെ ജീവിക്കാന്‍ അവര്‍ക്കായി പെന്‍ഷന്‍ പദ്ധതി തുടങ്ങി.
 •  പാവപ്പെട്ടവര്‍ക്ക് വീടും ആരോഗ്യ സുരക്ഷാ പദ്ധതിയും നല്‍കി. പാവപ്പെട്ടവരെ ശാക്തീകരിച്ചാല്‍ മാത്രമേ ദാരിദ്ര്യത്തെ ഇല്ലാതാക്കാനാകു.
 • 26 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് ആയുഷ്മാന്‍ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. 2022 ആകുമ്പോഴേക്കും 1.5 കോടി ആരോഗ്യകേന്ദ്രങ്ങള്‍ കൂടി സജ്ജമാകും. 
 • സ്ത്രീകേന്ദ്രീകൃതമായ വികസനത്തിനായി സര്‍ക്കാര്‍  ശ്രമിക്കും. യുവാക്കളുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് നല്‍കും. മേയ്ക്ക് ഇന്‍ ഇന്ത്യയെ സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റും.
 • പുതിയ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി ജില്ലാതലം മുതല്‍ ഖേലോ ഇന്ത്യ പദ്ധതി നടപ്പിലാക്കും.
 • 2024 ല്‍ ഇന്ത്യയെ അഞ്ചുലക്ഷം കോടിവലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
 • 2024 ആകുമ്പോഴേക്കും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും.
 • പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കും. ജിഎസ്ടിയെ കൂടുതല്‍ ലളിതമാക്കും.
 • അഴിമതിക്കെതിരെ കടുത്ത നടപടികളുണ്ടാകും. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ഉണ്ടാകും.
 • കാര്‍ഷിക മേഖലയ്ക്കായി കൂടുതല്‍ ചിലവഴിക്കും. ചെറുകിട വ്യവസായങ്ങള്‍ക്കായി ഈടില്ലാതെ വായ്പകള്‍ നല്‍കും.
 • വിലക്കയറ്റം ഏറ്റവും താഴ്ന്ന നിലയിലാണ്, ധനക്കമ്മി നിയന്ത്രണത്തിലാണ്. വിദേശ നാണ്യ ശേഖരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 
 • ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണ് ഇന്ന് ഇന്ത്യ.
 • ഭീകരവാദ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ മുഴുവനും ഇന്ത്യയ്‌ക്കൊപ്പമാണ്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇതിനുള്ള തെളിവാണ്.
 • കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് ഡയറക്ട് ബെനഫിറ്റ് പദ്ധതിയിലൂടെ 7.3 ലക്ഷം കോടി ജനങ്ങള്‍ക്ക് കൈമാറി. ഇതിലൂടെ 1.41 ലക്ഷം കോടി രൂപ ലാഭിക്കാനായി, മാത്രമല്ല എട്ട് കോടിയോളം വരുന്ന അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കി.
 • പരിസ്ഥിതിക്ക് ഇണങ്ങിയതും സുരക്ഷിതവും വേഗമേറിയതുമായ ഗതാഗത സംവിധാനങ്ങള്‍ കൊണ്ടുവരും.
 • കാവേരി, പെരിയാര്‍, മഹാനദി, നര്‍മദ, ഗോദാവരി എന്നീ നദികളെ മാലിന്യമുകതമാക്കും.
 • ദേശസുരക്ഷയാണ് സര്‍ക്കാര്‍ ന്റെ പ്രരമമായ പ്രാധാന്യം നല്‍കുന്നത്. ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ മിന്നലാക്രമണവും വ്യോമാക്രമണവും ഇന്ത്യയുടെ ഉദ്ദേശം വ്യക്തമാക്കുന്നു. 

Content Highlights: President Ram Nath Kovind, joint session of Parliamrnt