ന്യൂഡല്‍ഹി: പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിങ് ഉള്‍പ്പടെ നാലുപേരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. മുന്‍ എം.പിയും ദളിത് നേതാവുമായ റാം ഷാകല്‍, ശില്‍പിയായ രഘുനാഥ് മൊഹാപാത്ര, ആര്‍.എസ്.എസ് താത്വികാചാര്യന്‍ രാകേഷ് സിന്‍ഹ എന്നിവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റുള്ളവര്‍.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, നടി രേഖ, വ്യവസായി അനു അഗാ, അഭിഭാഷകന്‍ കെ. പരാശരണ്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് ഇവരുടെ പേരുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് രാഷ്ട്രപതി ഇവരുടെ പേര് നിര്‍ദേശിച്ചത്.
ആറ് പതിറ്റാണ്ടുകളായി പരമ്പരാഗത നൃത്തരംഗത്തെ സ്ഥിരം സാന്നിധ്യമാണ് പ്രശസ്ത നര്‍ത്തകിയായ സൊണാല്‍ മാന്‍സിങ്. നൃത്ത അധ്യാപിക, സാമൂഹിക പ്രവര്‍ത്തക, പ്രഭാഷക എന്നീ നിലകളിലും പ്രശസ്തിയാര്‍ജിച്ചിട്ടുള്ള സൊണാല്‍ പത്മവിഭൂഷണ്‍, സംഗീത നാടക അക്കാദമി അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
ദളിത് മുന്നേറ്റത്തിനായി പോരാടുന്ന റാം ഷാകല്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. കര്‍ഷക നേതാവ്, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള റാം ഷാകല്‍ യു.പിയിലെ റോബര്‍ട്ട്സ്ഗഞ്ച് മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്.
ശില്‍പകലയില്‍ ആഗോള തലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ളയാളാണ് രഘുനാഥ് മൊഹാപാത്ര. ഒഡിഷ ലളിതകലാ അക്കാദമി പ്രസിഡന്റ് കൂടിയായ ഇദ്ദേഹം പരമ്പരാഗത ശില്‍പങ്ങളുടെയും ക്ഷേത്രകലകളുടെയും സംരക്ഷകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ നിര്‍മിതിയായ സൂര്യഭഗവാന്റെ ശില്‍പം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിച്ചിട്ടുണ്ട്.
ആര്‍എസ്എസ് താത്വികാചാര്യനും എഴുത്തുകാരനുമായ രാകേഷ് സിന്‍ഹ ഡല്‍ഹിയിലെ ഇന്ത്യന്‍ പോളിസ് ഫൗണ്ടേഷന്‍ സ്ഥാപകനും ഹോണററി ഡയറക്ടറുമാണ്. ഇതിന് പുറമെ, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മോത്തിലാല്‍ നെഹ്‌റു കോളേജിലെ പ്രൊഫസറും ഐ.സി.എസ്.എസ്.ആറിന്റെ അംഗവുമാണ്.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് കല, സാഹിത്യം, ശാസ്ത്രം, സമൂഹിക സേവനം തുടങ്ങിയ മേഖലയില്‍ മികവ് തെളിയിച്ച 12 പേരെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും.