പാർലമെന്റ് മന്ദിരം | Photo: PTI
ന്യൂഡല്‍ഹി: ജനപ്രതിനിധിസഭകളില്‍ നിലവിലെ അംഗബലം കണക്കിലെടുക്കുമ്പോള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമുറപ്പിക്കാന്‍ എന്‍.ഡി.എ.ക്ക് 13,000 വോട്ടുമൂല്യം കുറവ്. പ്രതിപക്ഷ നിരയില്‍നിന്ന് വൈ.എസ്.ആര്. കോണ്‍ഗ്രസും(43,000 വോട്ടുമൂല്യം) ബിജു ജനതാദളും(31,000) ഈ കുറവുപരിഹരിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. പ്രതിപക്ഷത്തെ കൂടുതല്‍ പ്രാദേശികപാര്‍ട്ടികളുമായി രഹസ്യധാരണയുണ്ടാക്കി എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ വിജയം അനായാസമാക്കാന്‍ അവര്‍ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്.
അടുത്തമാസം 18-ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ. എന്നാല്‍, സഖ്യത്തിലെ പാര്‍ട്ടിമാറ്റങ്ങള്‍ വോട്ടുമൂല്യത്തില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. 2017-ല്‍ എന്‍.ഡി.എ.യുടെ ഭാഗമായിരുന്ന ശിവസേന, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ഇക്കുറി ഒപ്പമില്ല. 2017-നുശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രാജസ്ഥാന്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഭൂരിപക്ഷം നഷ്ടമായതും വോട്ടിങ് നിലയെ ബാധിക്കും. കഴിഞ്ഞതവണ പിന്തുണ നല്‍കിയിരുന്ന കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ടി.ആര്.എസ്. ഇക്കുറി കടുത്ത ബി.ജെ.പി.വിരുദ്ധ നിലപാടിലാണ്. ബിഹാറിലെ എന്‍.ഡി.എ. സഖ്യത്തിലുള്ള അസ്വസ്ഥതകളെത്തുടര്‍ന്ന് നിതീഷ് കുമാറിന്റെ നിലപാടിലും ചാഞ്ചാട്ടമുണ്ട്. ഈസാഹചര്യത്തിലാണ് ഭൂരിപക്ഷത്തിനായി 13,000 വോട്ടുകള്‍ എന്‍.ഡി.എ.ക്ക് കണ്ടെത്തേണ്ടിവരുന്നത്.
വൈ.എസ്.ആര്. കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും കഴിഞ്ഞമാസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍നിന്ന് മായാവതിയുടെ രഹസ്യപിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്.
യു.പി.യില്‍ സീറ്റുകുറഞ്ഞതും ഘടകം
ഉത്തര്‍പ്രദേശിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഭരണം നിലനിര്‍ത്തിയെങ്കിലും സീറ്റെണ്ണം കുറഞ്ഞത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എന്‍.ഡി.എ.ക്ക് 50 സീറ്റുകളുടെ കുറവുണ്ട്. 2017-ല്‍ ബി.ജെ.പി.ക്ക് 323 സീറ്റുകളുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 273 സീറ്റുകളായി കുറഞ്ഞു. ഏറ്റവുംകൂടുതല്‍ വോട്ടുമൂല്യമുള്ള യു.പി.യായിരുന്നു 2017-ല്‍ എന്‍.ഡി.എ.യുടെ ശക്തി. യു.പിയില്‍ നിന്നുള്ള ബി.ജെ.പി. ലോക്സഭാംഗങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. 2014-ല്‍ 73 ലോക്സഭാംഗങ്ങളുണ്ടായിരുന്നു. 2019-ല്‍ 64 ആയി കുറഞ്ഞു. യു.പി.യില്‍നിന്നുള്ള ബി.ജെ.പി. രാജ്യസഭാംഗങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
പൊതു പ്രതിപക്ഷ സ്ഥാനാര്‍ഥിക്കായി ഇടതുപാര്‍ട്ടികള്‍
അരുണ്‍ സാബു
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതു പ്രതിപക്ഷ സ്ഥാനാര്‍ഥിക്കായി നിലപാടെടുത്ത് ഇടതുപാര്‍ട്ടികള്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതനിരപേക്ഷവും പുരോഗമനപരവുമായ ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നയാളെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചാല്‍ പിന്തുണയ്ക്കാമെന്നതാണ് പൊതുനിലപാട്. .
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം സ്വീകാര്യമാകുന്ന പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് കണ്ടെത്തുന്ന സ്ഥാനാര്‍ഥിക്കുവേണ്ടി കാത്തിരിക്കാനാണ് ഇടതുപാളയത്തിന്റെ തീരുമാനം. തങ്ങളുടേതായ നിലയില്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാന്‍ ആലോചനകളില്ല. എന്നാല്‍, പൊതുസമ്മത സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് കണ്ടെത്തിയാലും പ്രഖ്യാപനം മറ്റേതെങ്കിലും പാര്‍ട്ടിയെക്കൊണ്ട് നടത്തിക്കണമെന്ന് ഇടതുപക്ഷത്തെ ചില കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നത് തിരിച്ചടിയായേക്കുമെന്ന ആശങ്കയുള്ളതുകൊണ്ടാണിത്. അതുവഴി പ്രാദേശിക പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാനാകുമെന്നും കണക്കുകൂട്ടുന്നു. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ ഇടതുനേതാക്കള്‍ ധരിപ്പിച്ചിട്ടുണ്ട്. സാഹചര്യമറിയാവുന്നതിനാല് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഇതു സമ്മതിച്ചതായാണ് വിവരം.
ബി.ജെ.പി.ക്കെതിരായി ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ സി.പി.എം. തീരുമാനമെടുത്തിരുന്നു.
ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല- ഗവര്‍ണര്‍
തിരുവനന്തപുരം: തന്റെ പേര് രാഷ്ട്രപതിതിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്നുണ്ടെന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ''ഊഹാപോഹങ്ങളോട് എന്തു പ്രതികരിക്കാനാണ്. ഗവര്‍ണര്‍ എന്നനിലയില്‍ ഇപ്പോള്‍ സന്തോഷവാനാണ്'' -ഗവര്‍ണര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..