കേരളാ നിയമസഭ
തിരുവനന്തപുരം: എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ ദ്രൗപദി മുര്‍മുവിന് കേരളത്തില്‍നിന്ന് കിട്ടിയ ആ വോട്ട് ആരുടേത്? വോട്ടുചെയ്ത എം.എല്‍.എ. എന്നെങ്കിലും തുറന്നുപറയുന്നതുവരെ ഈ ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കും. എം.എല്‍.എ.യില്ലാത്ത, കേരളത്തില്‍നിന്ന് ഒരു വോട്ട് നേടാനായതിന്റെ ആഹ്ലാദത്തിലാണ് ബി.ജെ.പി. അവര്‍ക്കത് ഭാഗ്യക്കുറി അടിച്ചപോലെ. ആദ്യമായാണ് കേരളത്തില്‍ മുന്നണി മാറി വോട്ടുവീഴുന്നത്. ഇങ്ങനെയൊരു സാഹചര്യമുണ്ടായതില്‍ ജാള്യമുണ്ട് യു.ഡി.എഫിനും എല്‍.ഡി.എഫിനും. സംശയമുനയില്‍ പലരും ഉണ്ടെങ്കിലും അന്വേഷിക്കാനും കണ്ടെത്താനുമൊന്നും ഇരുമുന്നണികള്‍ക്കും താത്പര്യമില്ല. അത് പല്ലിട കുത്തി മണപ്പിക്കലാകും എന്നതുതന്നെ കാര്യം.
ബാലറ്റ് പേപ്പറിലും കൗണ്ടര്‍ ഫോയിലിലും ഒരേ ക്രമനമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ബാലറ്റ് പേപ്പറിലെ ക്രമനമ്പര്‍ സ്ഥിരമായി കറുത്ത കടലാസ് കഷണം കൊണ്ട് മറച്ചിരിക്കും. കൗണ്ടര്‍ ഫോയിലും ബാലറ്റ് പേപ്പറും ഒത്തുനോക്കി ആരും വോട്ടറെ തിരിച്ചറിയാതിരിക്കാനാണിത്. കോടതിക്കുമാത്രമാണ് ബാലറ്റ് പേപ്പറുകള്‍ പരിശോധിക്കാന്‍ കഴിയുന്നത്. അതും തിരഞ്ഞെടുപ്പിനെ നിയമപരമായി ചോദ്യംചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മാത്രം. എന്നാല്‍, മുന്നണികളില്‍നിന്നുള്ള വോട്ടുചോര്‍ച്ച ഒരു തിരഞ്ഞെടുപ്പ് തര്‍ക്കമേയല്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വിപ്പും ബാധകമല്ല. സംശയമുന ആരിലേക്കും നീളാമെന്ന സാഹചര്യമുണ്ട്. ഇവിടെ 140 വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്കാണ് കിട്ടേണ്ടിയിരുന്നത്. എല്‍.ഡി.എഫിലെ ഘടകകക്ഷിയായ ജനതാദളിന്റെ കേന്ദ്ര നേതൃത്വം ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസുമാണ് ജനതാദള്‍ പ്രതിനിധികള്‍. എന്നാല്‍, കേരളത്തില്‍ ജനതാദള്‍ എല്‍.ഡി.എഫിലായതുകൊണ്ട് പ്രതിപക്ഷ സ്ഥാനാര്‍ഥിക്കേ വോട്ടുചെയ്യൂ എന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
സംശയം പലവഴിക്ക്
പല തരത്തില്‍ സംശയിക്കാം. ബി.ജെ.പി.യോട് രഹസ്യമായ അനുഭാവമാകാം ഒരു കാരണം. അല്ലെങ്കില്‍ ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്ന ദ്രൗപദി മുര്‍മുവിനോടുള്ള ആരാധന. അതല്ലെങ്കില്‍ കൈയബദ്ധവുമാകാം. കേരളത്തില്‍ 142 പേരാണ് വോട്ടുചെയ്തത്. ഇവിടത്തെ 140 എം.എല്‍.എമാര്‍ക്ക് പുറമേ ഉത്തര്‍പ്രദേശിലെ ഒരു എം.എല്‍.എ.യും തമിഴ്നാട്ടിലെ എം.പിയും. അവയുടെ മൂല്യം കേരളത്തിലെ വോട്ടുകള്‍ക്കൊപ്പം കൂട്ടില്ല.
പ്രതിപക്ഷത്തിന് തുടക്കംമുതലേ അടിതെറ്റി
പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: ലോക്സഭാതിരഞ്ഞെടുപ്പിനുമുമ്പ് ഐക്യത്തിന്റെ ശക്തിപ്രകടനമായിരിക്കും രാഷ്ട്രപതിതിരഞ്ഞെടുപ്പെന്ന് അവകാശപ്പെട്ട പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് അടിതെറ്റി. ആദിവാസിവിഭാഗത്തില്‍നിന്നുള്ള വനിതാനേതാവിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് ബി.ജെ.പി. ഇറക്കിയതാണ് പ്രതിപക്ഷക്കൂട്ടായ്മയില് വലിയ വിള്ളലുണ്ടാക്കിയത്. അപ്രതീക്ഷിതനീക്കം തള്ളാനാകാതെ പല പാര്‍ട്ടികളും നിലപാട് മാറ്റി.
പൊതുസ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികളും എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് പിന്തുണനല്‍കി. പിന്തുണ പ്രഖ്യാപിക്കാത്ത പാര്‍ട്ടികളില്‍നിന്ന് കൂറുമാറി വോട്ടുകള്‍ ദ്രൗപദിക്കെത്തി.
ഇതോടെ പ്രതിപക്ഷപാര്‍ട്ടികളുടെ പരസ്പരവിശ്വാസം അയഞ്ഞു. പ്രതിപക്ഷനിരയില്‍നിന്ന് 17 എം.പി.മാരും വിവിധ സംസ്ഥാനങ്ങളിലായി 126 എം.എല്‍.എ.മാരും തങ്ങള്‍ക്ക് വോട്ടുചെയ്തതായാണ് ബി.ജെ.പി.യുടെ അവകാശവാദം.
ഉപരാഷ്ട്രപതിതിരഞ്ഞെടുപ്പില്നിന്ന് വിട്ടുനില്‍ക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനം പ്രതിപക്ഷത്തെ പ്രശ്നങ്ങളുടെ മറനീക്കലാണ്. അവിടെ നേതൃത്വത്തിന്റെ കടിഞ്ഞാണിനായും ഇനി നാടകീയനീക്കങ്ങള്‍ അരങ്ങേറും.
രാഷ്ട്രപതിതിരഞ്ഞെടുപ്പിന്റെ തുടക്കംമുതല്‍ പ്രതിപക്ഷനിരയ്ക്ക് കാര്യങ്ങള്‍ കൈപ്പിടിയിലായിരുന്നില്ല. യോഗം വിളിക്കാന്‍ കോണ്‍ഗ്രസ് വൈകി, തൃണമൂല്‍ അധ്യക്ഷ മമതാബാനര്‍ജി കിട്ടിയ അവസരമുപയോഗിച്ച് യോഗം വിളിച്ചുകൂട്ടിയതോടെ കല്ലുകടി തുടങ്ങി. മമതയ്ക്കും തൃണമൂലിനും നേരെ ഇടതുപാര്‍ട്ടികള്‍ പരസ്യവിമര്‍ശനവുമായി രംഗത്തുവന്നു. അണിയറ ചര്‍ച്ചകളെത്തുടര്‍ന്ന് അനുരഞ്ജനമായെങ്കിലും കനലുകള്‍ കെട്ടില്ല.
പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ചേര്‍ന്ന 17 പാര്‍ട്ടികളുടെ യോഗത്തില്‍, മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചു. യോഗത്തില്‍ മമതാ ബാനര്‍ജി ഫാറൂഖ് അബ്ദുള്ളയുടെയും ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെയും പേരുകള്‍ നിര്‍ദേശിച്ചെങ്കിലും ഇരുവരും വൈകാതെ വിസ്സമ്മതമറിയിച്ചു.
ഇതോടെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ നേതൃത്വം കുഴഞ്ഞു. ഒടുവിലാണ് തൃണമൂല്‍ ദേശീയ ഉപാധ്യക്ഷനായിരുന്ന മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ മമതയുടെ സമ്മതത്തോടെ പൊതുസ്ഥാനാര്ഥിയാക്കിയത്.
നിയുക്ത രാഷ്ട്രപതിക്ക് അഭിനന്ദനപ്രവാഹം
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: നിയുക്ത രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജ്യമെമ്പാടുംനിന്ന് അഭിനന്ദനപ്രവാഹം. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയവാര്‍ത്തയറിഞ്ഞപ്പോള്‍ മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ ജനസഹസ്രങ്ങളാണ് ആശംസകളര്‍പ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ തുടങ്ങിയ നേതാക്കള്‍ വിജയമുറപ്പിച്ചപ്പോള്ത്തന്നെ ചാണക്യപുരി പണ്ഡിറ്റ് ഉമാശങ്കര്‍ ദീക്ഷിത് മാര്‍ഗിലെ ദ്രൗപദി മുര്‍മുവിന്റെ ഇടക്കാലവസതിയിലെത്തി ആശംസയറിയിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവിടേക്ക് സന്ദര്‍ശകരുടെ തിരക്കായിരുന്നു. ആശംസകളറിയിക്കാന്‍ കേന്ദ്രമന്ത്രിമാരും വിവിധ സംഘടനാ നേതാക്കളുമെത്തി. ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു നേരിട്ടെത്തി അഭിനന്ദനമറിയിച്ചു. 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം മടങ്ങിയത്. കേന്ദ്രമന്ത്രിമാരായ ഭൂപീന്ദര്‍ യാദവ്, ജി. കിഷന് റെഡ്ഡി തുടങ്ങിയവരെത്തി. മതസംഘടനാ, ആത്മീയ നേതാക്കളും നേരിട്ടെത്തി മുര്‍മുവിനെ അഭിനന്ദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..