രാഷ്ട്രപതി ഭവന് മുന്നിൽ രാംനാഥ് കോവിന്ദും ഭാര്യയും |ഫോട്ടോ:ANI
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാര്‍ലമെന്റിലും വിവിധ സംസ്ഥാന നിയമസഭകളിലും നടന്നുവരികയാണ്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും പ്രതിപക്ഷസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം.
ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതി രാജ്യത്തെ മൂന്ന് സായുധ സേനകളുടെയും തലവനാണ്. ഇരുസഭകളിലായുള്ള 776 പാര്‍ലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്ന 4809 പേരാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ വോട്ടുചെയ്യുക. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും നിയമസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും വോട്ടില്ല. രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്തുകയും ഭരണഘടന സംരക്ഷിക്കുകയുമാണ് രാഷ്ട്രപതിയുടെ പ്രഥമ കര്‍ത്തവ്യം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കാനും ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തോടെ മറ്റു ജഡ്ജിമാരെ നിയമിക്കുന്നതിനുമുള്ള അധികാരം രാഷ്ട്രപതിക്കാണ്. ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് നിശ്ചിത അധികാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കുമൊപ്പം നിരവധി ആനുകൂല്യങ്ങളുമുണ്ട്.
- ലോകത്തിലെ ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായി അറിയപ്പെടുന്ന രാഷ്ട്രപതി ഭവനിലാണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ താമസം. രാജ്യതലസ്ഥാനത്തുള്ള വിശാലമായ ഈ പൈതൃക കെട്ടിടത്തില്‍ നാലു നിലകളിലായി 340 മുറികളുണ്ട്. രണ്ടര കിലോമീറ്ററോളം നീണ്ട് കിടക്കുന്ന ഇടനാഴിയും വിശാലമായ പൂന്തോട്ടവും രാഷ്ട്രപതി ഭവന്റെ പ്രത്യേകതയാണ്.
- രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയില്‍ റിസപ്ഷന് ഹാളുകള്‍, അതിഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള റൂമുകളുമുണ്ട്. രാഷ്ട്രപതിയുടെ പേഴ്സണല്‍ സ്റ്റാഫുകളും രാഷ്ട്രപതി ഭവന്റെ പരിചരണത്തിനായി ഇരുനൂറിലധികം ജോലിക്കാരുമുണ്ടാകും.
- അഞ്ചു ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം. കൂടാതെ മറ്റു അലവന്‍സുകളും. 2017-ലാണ് ഒന്നര ലക്ഷം രൂപയില്‍ അഞ്ചു ലക്ഷമാക്കി വര്‍ധിപ്പിച്ചത്.
- ഇന്ത്യന്‍ രാഷ്ട്രപതിക്ക് ജീവിത കാലം മുഴുവന്‍ സൗജന്യ മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്.
- രാജ്യത്തിനകത്തും പുറത്തും ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്ന ആളാണ് രാഷ്ട്രപതി. പ്രത്യേകമായി രൂപകല്പന ചെയ്ത ഒരു ബ്ലാക്ക് മെഴ്സിഡസ് ബെന്‍സ് ട600 (W221) പുള്‍മാന്‍ ഗാര്‍ഡിലാണ് രാഷ്ട്രപതി യാത്ര ചെയ്യുന്നത്.
- രാഷ്ട്രപതിയുടെ പാര്‍പ്പിടം, ജീവനക്കാര്‍, ഭക്ഷണം, അതിഥികളുടെ ആതിഥ്യം തുടങ്ങിയ ചെലവുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം 22.5 ദശലക്ഷം രൂപയോളം ചെലവാക്കുന്നുണ്ട്.
- രാഷ്ട്രപതി ഭവന് പുറമെ, രാഷ്ട്രപതിക്ക് രണ്ട് അവധിക്കാല വസതികള്‍ കൂടിയുണ്ട്. - ഹൈദരാബാദിലെ രാഷ്ട്രപതി നിലയവും ഷിംലയിലെ റിട്രീറ്റ് ബില്ഡിംഗുമാണിത്.
- രാഷ്ട്രപതിക്കും ഭാര്യക്കും ലോകത്തിലെ ഏത് സ്ഥലത്തേക്കും സൗജന്യ നിരക്കിലാണ് യാത്ര
- രാഷ്ട്രപതി ആയിരിക്കുമ്പോള്‍ മാത്രമല്ല കലാവധി കഴിഞ്ഞ ശേഷവും നിരവധി ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രപതിമാര്‍ക്ക് നല്‍കുന്നുണ്ട്.
- ഒന്നര ലക്ഷം രൂപയാണ് നിലവിലെ സാഹചര്യത്തിലുള്ള പ്രതിമാസ പെന്ഷന്
- ഭാര്യമാര്‍ക്ക് 30000 രൂപ പ്രതിമാസ സഹായം കിട്ടും
- പൂര്‍ണ്ണമായും ഫര്‍ണിഷ് ചെയ്ത ക്ലാസ് എട്ടനുസരിച്ചുള്ള സര്‍ക്കാര്‍ ബംഗ്ലാവ് താമസത്തിന് കിട്ടും, ഇതിന് ഒരു വാടകയും നല്‍കേണ്ടതില്ല
- രണ്ട് സൗജന്യ ലാന്‍ഡ് ഫോണ്‍ കണക്ഷനുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളോടെയുള്ള മൊബൈല്‍ കണക്ഷനും ലഭിക്കും
- ഒരു കാറും ഡ്രൈവറും അനുവദിക്കും
- ഒരു പ്രൈവറ്റ് സെക്രട്ടറിയടക്കം അഞ്ച് പേഴ്സണല്‍ സ്റ്റാഫുകളെ ലഭിക്കും
- ആജീവനാന്തം ട്രെയിനിലും വിമാനത്തിലും ഒരാള്‍ക്കൊപ്പം യാത്ര ചെയ്യാം.
- സൗജന്യ വൈദ്യുതിയും ജല സൗകര്യവും
- ഡല്‍ഹി പോലീസിന്റെ സുരക്ഷ
- സ്റ്റാഫുകളുടെ ചിലവുകള്‍ക്കായി വര്‍ഷത്തില്‍ 60000 രൂപ നല്‍കും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..