ന്യൂഡല്‍ഹി: പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതോടെയാണ് ഗവര്‍ണര്‍ ഭരണത്തിന് അരങ്ങൊരുങ്ങിയത്. 

മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്താലയത്തിന് നല്‍കിയിരുന്നു. മന്ത്രാലയം ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. തുടര്‍ന്നാണ് രാഷ്ട്രപതി ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയത്. ഇതോടെ ജമ്മു കശ്മീരില്‍ എട്ടാം തവണയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്.

ജമ്മുകശ്മീരിലെ പി.ഡി.പി.-ബി.ജെ.പി. സഖ്യത്തില്‍നിന്നു പിന്മാറുകയാണെന്നും പിന്തുണ പിന്‍വലിക്കുകയാണെന്നും ചൊവ്വാഴ്ച ഉച്ചയോടെ ബി.ജെ.പി. നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് മൂന്നുവര്‍ഷമായി തുടരുന്ന സഖ്യസര്‍ക്കാരിന് അന്ത്യമായത്. പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ വിളിച്ച കശ്മീരില്‍നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് സഖ്യം വിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയും പി.ഡി.പി.നേതാവുമായ മെഹബൂബ മുഫ്തി ഗവര്‍ണര്‍ എന്‍.എന്‍. വോറയ്ക്കു രാജിനല്‍കി.

പി.ഡി.പി.യുമായി കൈകോര്‍ക്കില്ലെന്നു കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സും വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തെ പ്രധാനകക്ഷികള്‍ ഈ നിലപാടെടുത്തതോടെയാണ് ഗവര്‍ണര്‍ ഭരണത്തിന് വഴിതെളിഞ്ഞത്.

Content Highlights: Vohra, President Approves Governor’s rule in Jammu and Kashmir