ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള വാക്‌സിന്‍ എപ്പോള്‍ ലഭ്യമാവുമെന്ന് നിലവില്‍ പറയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ എപ്പോള്‍ ലഭ്യമാവും, വാക്‌സിന്റെ വില എത്രയാണ്, എത്ര ഡോസ് വാക്‌സിന്‍ നല്‍കും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരമില്ല. എന്നാല്‍ വാക്‌സിന്‍ വികസനത്തിന്റെ ഓരോ ഘട്ടവും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു. 'വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ ഓരോ ഘട്ടവും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. വാക്‌സിന്‍ വികസിപ്പിക്കുന്നവരുമായും നിര്‍മാണ കമ്പനികളുമായും മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളുമായും ആഗോള ഏജന്‍സികളുമായും കേന്ദ്രസര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.'
'ഏത് വാക്‌സിനാണോ ഇന്ത്യയില്‍ ആദ്യം ഉപയോഗത്തിനെത്തുന്നത് അത് എല്ലാ തരത്തിലും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വാക്‌സിന്‍ എത്രയും വേഗത്തില്‍ എത്തിക്കുക എന്നതുപോലെ തന്നെ വാക്‌സിന്റെ പൂര്‍ണ സുരക്ഷിതത്വവും ഏറെ പ്രധാനപ്പെട്ടതാണ്. '
'വാക്‌സിന്‍ വിതരണത്തിന് കൂട്ടായ ആലോചനകള്‍ വേണം. അത് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വാക്‌സിന്‍ സംഭരണത്തിനുള്ള സംവിധാനവും സംസ്ഥാനങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. വാക്‌സിന്‍ ഏറ്റവും താഴേത്തട്ടിലേക്ക് പോലും എത്തിക്കുന്നത് സംബന്ധിച്ച് പ്ലാന്‍ എന്താണെന്ന് സംസ്ഥാനങ്ങള്‍ വിശദമായ പദ്ധതി സമര്‍പ്പിക്കണം. നിങ്ങളുടെ അനുഭവത്തിനും പദ്ധതിക്കുമനുസരിച്ച് വാക്‌സിന്‍ വിതരണത്തിനുള്ള ആസൂത്രണം നടത്താന്‍ സര്‍ക്കാരിന് സാധിക്കും. വാക്‌സിനിലൂടെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കുന്നത് ദേശീയ ദൗത്യമായി എല്ലാവരും ഏറ്റെടുക്കണം. ദൗത്യം സുഗമവും സുത്യാരവും ക്രമവുമാണെന്ന് എല്ലാ സംസ്ഥാനങ്ങളും ഉറപ്പാക്കണം.'
'വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ട് രോഗപ്രതിരോധവും സാധ്യമാക്കേണ്ടതുണ്ട്. രോഗമുക്തി നിരക്ക് കൂടുന്നുവെന്നതിനാല്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യരുത്. പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെത്തിക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്.' കോവിഡ് മരണനിരക്കിലും രോഗമുക്തി നിരക്കിലും ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ഇത് കൂട്ടായ പരിശ്രമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: Prepare Cold Storage Facilities For Vaccine, PM Modi Tells States