ലഖ്‌നൗ: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് യുപി ഉപമുഖ്യമന്ത്രി. അയോധ്യയിലും കാശിയിലും ക്ഷേത്ര നിര്‍മാണം നടക്കുന്നു. മഥുരയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു- കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികം അടുത്ത് വരുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന.

അഖില ഭാരത് ഹിന്ദു മഹാസഭയുടെ മഥുരയിലേക്കുള്ള റാലി പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മൗര്യയുടെ ട്വീറ്റ്. ഷഹി ഇദ്ഗാ എന്ന മുസ്ലീം പള്ളി സ്ഥിതി ചെയ്യുന്നത് കൃഷ്ണജന്മഭൂമിയെന്ന് കരുതപ്പെടുന്ന സ്ഥലത്തിന് തൊട്ടടുത്താണ്. റാലിക്ക് ശേഷം ഷഹി ഇദ്ഗായില്‍ ഒരു കൃഷ്ണ വിഗ്രഹം സ്ഥാപിക്കാനും ചില പൂജ കര്‍മങ്ങള്‍ നടത്താനും ഹിന്ദു മഹാസഭ തീരുമാനിച്ചിരുന്നു.

കൃഷ്ണജന്മഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് മഥുരയിലെ ഒരു സിവില്‍ കോടതിയില്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് കൃഷ്ണക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്തുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള മുസ്ലീം ആരാധാനാലയം മാറ്റി സ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തില്‍ മഥുരയില്‍ ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കില്ലെന്ന് യു.പി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.

Content Highlights: preparations for temple in Mathura tweets up deputy cm