പ്രതീകാത്മക ചിത്രം | Mathrubhumi archives
ന്യൂഡല്‍ഹി: മൊബൈല്‍ഫോണ്‍ റീച്ചാര്‍ജിന് സമാനമായി മുന്‍കൂട്ടി പണമടച്ച് വൈദ്യുതി ഉപയോഗിക്കേണ്ട പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം രാജ്യമാകെ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആദ്യഘട്ടം 2023 ഡിസംബര്‍ 31-നുമുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഊര്‍ജമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
ബ്ലോക്ക്തലത്തിനു മുകളിലേക്കുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാവസായിക-വാണിജ്യ ഉപഭോക്താക്കള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയും നഗരമേഖലകളില്‍ 15 ശതമാനത്തിലേറെയും ഗ്രാമീണമേഖലകളില്‍ 25 ശതമാനത്തിലേറെയും നഷ്ടമുണ്ടാക്കിയ വൈദ്യുതി ഡിവിഷനുകളും ആദ്യഘട്ടത്തിലുള്‍പ്പെടും. ഇവിടങ്ങളില്‍ 2023 മാര്‍ച്ച് 31-നുമുമ്പായി മുന്‍ഗണനാടിസ്ഥാനത്തില്‍ സ്മാര്‍ട്ട് മീറ്ററിനാവശ്യമായ സാങ്കേതികസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം.
2025 മാര്‍ച്ച് 31-ഓടെ എല്ലാ ഉപഭോക്താക്കളെയും പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളിലേക്ക് മാറ്റുകയാണ് ലക്ഷ്യം. നിലവില്‍ പ്രഖ്യാപിച്ച സമയപരിധി അതത് സംസ്ഥാനങ്ങളിലെ റെഗുലേറ്ററി കമ്മിഷനുകള്‍ക്ക് പരമാവധി ആറുമാസംവരെ എന്ന കണക്കില്‍ രണ്ടുതവണമാത്രമേ നീട്ടിനല്‍കാനാകൂ. കൃഷിയാവശ്യത്തിനുള്ള കണക്ഷനുകള്‍ക്ക് ഈ സമയപരിധി ബാധകമായിരിക്കില്ലെന്നും കേന്ദ്രം വിജ്ഞാപനത്തില്‍ അറിയിച്ചു.
പദ്ധതി നടപ്പാക്കാന്‍ രാജ്യത്താകെ 25 കോടി സ്മാര്‍ട്ട് മീറ്ററുകള്‍ വേണ്ടിവരും. ആകെ ഒന്നരലക്ഷംകോടി രൂപ ചെലവാകുമെന്നാണ് കണക്ക്. സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് സബ്സിഡി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. ഉപയോഗിച്ച വൈദ്യുതിയൂണിറ്റുകള്‍ കണക്കാക്കിയാണ് നിലവില്‍ ബില്‍ നല്‍കുന്നത്. പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ വരുമ്പോള്‍ മുന്‍കൂറായി പണമടച്ച് റീച്ചാര്‍ജ് ചെയ്യണം. വൈദ്യുതിബില്‍ കുടിശ്ശിക കാരണം പ്രതിസന്ധിയിലായ വൈദ്യുതിവിതരണസ്ഥാപനങ്ങളെ സഹായിക്കാനാണ് പ്രീപെയ്ഡ് മീറ്റര്‍ നിര്‍ബന്ധമാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..