പ്രതീകാത്മക ചിത്രം | Photo:PTI
ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രം. കോവിന്‍ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം. ഗര്‍ഭിണികള്‍ കോവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാക്‌സിന്‍ നയങ്ങളില്‍ കേന്ദ്രം സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും എടുക്കണമെന്നും കേന്ദ്രം അറിയിച്ചു.
വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്താത്തതിനാല്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ വ്യക്തമായ വിവരങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യേണ്ടെന്ന നിലപാടാണ് തുടക്കത്തില്‍ കേന്ദ്രം സ്വീകരിച്ചത്. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് വാക്‌സിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കണമെന്നും നിര്‍ദേശമുണ്ട്.
വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് വിതരണം ചെയ്യുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്‌സിനെടുക്കുന്നത് അവര്‍ക്ക് പ്രയോജനപ്പെടും, അവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ഗര്‍ഭിണികളെ വാക്‌സിന്‍ വിതരണത്തില്‍ നിന്ന് ഒഴിവാക്കരുതെന്നാണ് എന്‍ടിഎജിഐ-എസ്ടിഎസ്‌സിയുടെ ശുപാര്‍ശ. കാരണം ഇവര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുളള സാധ്യത കൂടുതലാണ്. ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനെ തുടര്‍ന്ന് കുട്ടിക്കോ അമ്മയ്‌ക്കോ ഉണ്ടായേക്കാനിടയുളള ബുദ്ധിമുട്ടുകളെക്കുറിച്ചുളള സംശയവും യോഗത്തില്‍ ചര്‍ച്ചചെയ്തു. എന്നാല്‍ വാക്‌സിനെടുത്താലുണ്ടാകുന്ന വെല്ലുവിളിയേക്കാള്‍ അതെടുത്താലുണ്ടാകുന്ന പ്രയോജനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നായിരുന്നു യോഗത്തിലുയർന്നുവന്ന അഭിപ്രായം.
ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാത്തതിനെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ചോദ്യംചെയ്തിരുന്നു. ജൈവികമായ പ്രക്രിയയുടെ പേരില്‍ ഗര്‍ഭിണികളെ വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്തിനെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ചോദിച്ചിരുന്നു.
ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും 18 വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. ചെറിയ കുട്ടികള്‍ക്ക് വാക്‌സിന്‍ ആവശ്യമുണ്ടോ എന്നത് ഇപ്പോഴും ചോദ്യമാണ്. നമുക്ക് കൂടുതല്‍ ഡേറ്റകള്‍ ലഭിക്കുന്നത് വരെ കുട്ടികള്‍ക്ക് വലിയ രീതിയില്‍ വാക്‌സിനേഷന്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. കുട്ടികളില്‍ പഠനം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബറോടെ ഫലം വരും. മൂന്നാംതരംഗം രൂക്ഷമാായി ബാധിക്കുക കുട്ടികളെയാണ് എന്ന ആശങ്കയുടെ പുറത്ത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിക്കില്ലെന്നും ഡോ. ഭാര്‍ഗവ പറഞ്ഞു. ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ നയവും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് വയസ്സുമുതല്‍ 18 വയസ്സുവരെ പ്രായമുളള 525 കുട്ടികളിലാണ് കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. രണ്ട്-മൂന്നു മാസങ്ങള്‍ക്കുളളില്‍ ഫലം വരുമെന്നാണ് കരുതുന്നതെന്നും എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു.
Content Highlights:Pregnant Women can register CoWIN, or visit vaccination centre for Vaccine shots
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..