ഭോപ്പാല്‍: ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ തുണികൊണ്ട് കെട്ടിയുണ്ടാക്കിയ സ്‌ട്രെച്ചറില്‍ എട്ടു കിലോമീറ്റര്‍ ചുമന്ന് കുടുംബം. തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലെ രാജ്പുര ഗ്രാമത്തിലാണ് സംഭവം. 

ബര്‍വാനി ജില്ലയിലെ രാജ്പുര ഗ്രാമത്തില്‍ താമസിക്കുന്ന സുനിതയ്ക്ക് വ്യാഴാഴ്ചയാണ് പ്രസവവേദന ആരംഭിച്ചത്. വനത്തിനുള്ളിലെ ഗ്രാമത്തിലേക്ക് ആംബുലന്‍സ് എത്തുന്നതിന് ടാര്‍ ചെയ്ത റോഡില്ലായിരുന്നു. അതിനാല്‍ത്തന്നെ, സുനിതയെ അടുത്തുള്ള ഗ്രാമത്തിലേക്ക് കാല്‍നടയായി ചുമന്നുകൊണ്ടുപോകുകയല്ലാതെ  കുടുംബത്തിനും അയല്‍ക്കാര്‍ക്കും മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. 

മുളങ്കമ്പില്‍ കെട്ടിയ ബെഡ്ഷീറ്റില്‍ സുനിതയെ കിടത്തി, അവര്‍ എട്ടു കിലോമീറ്റര്‍ ദൂരെയുള്ള റാണി കാജല്‍ ഗ്രാമത്തിലേക്ക് കാല്‍നടയായി പോകുകയായിരുന്നു. അവിടെ കാത്തുകിടന്ന ആംബുലന്‍സില്‍ 20 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് സുനിതയെ കൊണ്ടുപോയി.
28 കിലോമീറ്റര്‍ അകലെയുള്ള പാന്‍സെമലിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാണ് സുനിതയുടെ ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള ആശുപത്രി. എന്നിട്ടും കാല്‍നടയായിട്ടല്ലാതെ അവിടെയെത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

വെള്ളിയാഴ്ച സുനിത പ്രസവിച്ചെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അടുത്ത് ആശുപത്രിയോ മെച്ചപ്പെട്ട റോഡോ ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അനുഭവം ഒഴിവാക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. 

ഒരു റോഡിനായുള്ള അപേക്ഷകള്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ജനപ്രതിനിധികള്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് രാജ്പുര നിവാസികള്‍ പറയുന്നു. മധ്യപ്രദേശിന്റെ തെക്കുകിഴക്കേ ഭാഗത്ത് ഭോപ്പാലിന് 400 കിലോമീറ്റര്‍ അകലെയായാണ് രാജ്പുര സ്ഥിതി ചെയ്യുന്നത്. 

മുന്‍പും പല ഗര്‍ഭിണികള്‍ക്കും രോഗങ്ങള്‍ ബാധിച്ച ആളുകള്‍ക്കും സുനിതയുടെ അതേ അനുഭവത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുള്ളതായി ഗ്രാമവാസികള്‍ പറയുന്നു.

Content Highlights: Pregnant Woman Carried on shoulder for 8 km In Madhya Pradesh