ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് എതിരായ കോടതി അലക്ഷ്യ കേസില്‍ വാദം അവസാനിച്ചു. കേസില്‍ വിധിപറയാന്‍ മാറ്റിവെച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിക്കുന്ന സെപ്റ്റംബര്‍ രണ്ടിനു മുന്‍പ് കേസില്‍ വിധി പ്രസ്താവിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

പ്രശാന്ത് ഭൂഷണ്‍ മാപ്പു പറയണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നിലപാട് സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ആലോചിക്കാന്‍ അര മണിക്കൂര്‍ സമയം അനുവദിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്രശാന്ത് ഭൂഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പ് പറയില്ലെന്ന് കോടതിയെ അറിയിച്ചു. ഉത്തമ ബോധ്യത്തോടെയാണ് അദ്ദേഹം ആരോപണങ്ങള്‍ നടത്തിയത്. അത്തരമൊരു കാര്യത്തില്‍ മാപ്പ് പറയാന്‍ ആഗ്രഹിക്കുന്നില്ല. മാപ്പ് പറയാന്‍ കോടതി നിര്‍ബന്ധിക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 

നേരത്തെ കേസില്‍ മാപ്പു പറയാന്‍ തിങ്കളാഴ്ചവരെ ഭൂഷണ് കോടതി സമയം നല്‍കിയിരുന്നു. മാപ്പു പറയാന്‍ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷന്റെ നിലപാടിനെ തുടര്‍ന്ന് ഇന്ന് വിധിപറയാന്‍ മാറ്റി വെക്കുകയായിരിരുന്നു.

കോടതിയലക്ഷ്യ കേസില്‍ മാപ്പു പറയില്ലെന്ന് നേരത്തെ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഉത്തമബോധ്യത്തോടെ നടത്തിയ പ്രസ്താവനയില്‍ ആത്മാര്‍ഥതയില്ലാതെ മാപ്പുപറഞ്ഞാല്‍ അത് കാപട്യവും ആത്മവഞ്ചനയുമാകുമെന്നാണ് ഭൂഷണ്‍ സുപ്രീം കോടതിയെ അറിയിച്ചത്. മാപ്പുപറയാന്‍ തിങ്കളാഴ്ചവരെ ഭൂഷണ് കോടതി സമയം നല്‍കിയിരുന്നു. ഈ മാസം 20-ന് സുപ്രീംകോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ സ്വീകരിച്ച നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് തിങ്കളാഴ്ച സമര്‍പ്പിച്ച രണ്ടു പേജുള്ള പ്രസ്താവനയിലും ഭൂഷണ്‍ വ്യക്തമാക്കി.

സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചുകൊണ്ട് ജൂണ്‍ 27-നും 29-നും നടത്തിയ രണ്ട് ട്വീറ്റുകളാണ് ഭൂഷണെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്. വിധിക്കെതിരേ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും അതില്‍ തീര്‍പ്പാകുംവരെ ശിക്ഷവിധിക്കരുതെന്നുമുള്ള ഭൂഷന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. 

മറ്റൊരു കോടതിയലക്ഷ്യ കേസും ഭൂഷണ്‍ നേരിടുന്നുണ്ട്. 2009-ല്‍ തെഹല്‍ക്ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ 16 സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞതാണ് കേസിനാധാരം.

Content Highlights: Prashanth Bushan case: Hearing is over, Reserves Order