പ്രശാന്ത് കിഷോർ |ഫോട്ടോ:മാതൃഭൂമി
ന്യൂഡല്‍ഹി: സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് വിദഗ്ദ്ധന് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന സൂചനകള്‍ നല്കി പാര്‍ട്ടി നേതാക്കള്‍.
ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയത്. 'പഞ്ചാബ്, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല കൂടിക്കാഴ്ച, അതിനേക്കാള്‍ വലിയൊരു കാര്യത്തിനാണ് 2024-ലോക്സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് യുദ്ധമുഖത്ത് പ്രശാന്ത് കിഷോര്‍ ഒരു പ്രധാന പങ്കുവഹിക്കും' കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്കി.
അടുത്തിടെ നടന്ന പശ്ചിമ ബംഗാള്‍, തമിഴ്നാട് തിരഞ്ഞെടുപ്പുകളില്‍ വിജയകരമായ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ഈ രംഗം വിടുകയാണെന്ന് പ്രശാന്ത് കിഷോര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി പ്രശാന്ത് കിഷോര്‍ തുടര്‍ച്ചയായി കൂടിക്കാഴ്ച നടത്തിയതും വലിയ അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രശാന്ത് കോണ്‍ഗ്രസ് നേതാക്കളുമായി നാല് മണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയത്.
കോണ്‍ഗ്രസില്‍ സംഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനാണ് പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നതെന്നാണ് ചില നേതാക്കള്‍ പറയുന്നത്. ബ്ലോക്ക് തലം മുതല്‍ സംഘടനാപരമായ പൊളിച്ചെഴുത്ത് ആവശ്യമുണ്ട്.ഇതിനായി പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സമതി വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ പ്രശാന്ത് കിഷോര്‍ ചേര്‍ന്നിരുന്നെങ്കിലും പിന്നീട് അദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..