ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പൊതുജീവിതത്തില്‍ ഒരു ചെറിയ ഇടവേള അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് അമരീന്ദറിന് അയച്ച കത്തില്‍ പ്രശാന്ത് വ്യക്തമാക്കുന്നു. 

തന്റെ ഭാവി പരിപാടികള്‍ എന്താണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ തനിക്ക് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി തുടരാന്‍ കഴിയില്ലെന്നും പ്രശാന്ത് തന്റെ കത്തില്‍ പറയുന്നു. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനമെന്നത് ശ്രദ്ധേയമാണ്. 

പഞ്ചാബ് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ധുവും മുഖ്യമന്ത്രി അമരീന്ദറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. ഈ വര്‍ഷം മാര്‍ച്ചിലാണ് പ്രശാന്ത് കിഷോറിനെ തന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചുവെന്ന് ഒരു ട്വീറ്റിലൂടെ അമരീന്ദര്‍ അറിയിച്ചത്.

Content Highlights: Prashant Kishor steps down as principal advicer of Punjab CM