മുംബൈ: തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പവാറിന്റെ ദക്ഷിണ മുംബൈയിലുളള വസതിയിലായിരുന്നു കൂടിക്കാഴ്ച. 2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി, ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷപാര്‍ട്ടികള്‍ വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ കൂടിക്കാഴ്ചയെ കാണുന്നത്. 

ബിജെപിയുമായുളള ബന്ധത്തില്‍ വിളളലുണ്ടായെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള തങ്ങളുടെ ബന്ധത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന ശിവസേന നേതാക്കളുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് കിഷോര്‍-പവാര്‍ കൂടിക്കാഴ്ച നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മറാത്താ സംവരണം ഉള്‍പ്പടെയുളള വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയുമായി തനിച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 'ഞങ്ങള്‍ രാഷ്ട്രീയമായി ഒന്നിച്ചല്ലായിരിക്കാം. അതിനര്‍ഥം ഞങ്ങളുടെ ബന്ധം തകര്‍ന്നു എന്നല്ല. ഞാന്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കാണാനല്ല്ല പോയത്. മോദിയുമായി തനിച്ച് കൂടിക്കാഴ്ച നടത്തുന്നതില്‍ പ്രത്യേകിച്ച് തെറ്റൊന്നുമില്ല', താക്കറേ പറഞ്ഞു. കഴിഞ്ഞ ദിവസം ശിവസേനാ നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തും പ്രധാനമന്ത്രിയെ പ്രശംസിച്ചിരുന്നു.

താക്കറേയുടെ കൂടിക്കാഴ്ചയും റാവത്തിന്റെ പ്രശംസയും മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സഖ്യത്തിലുണ്ടായ വിളളലിന്റെ സൂചനകളാണെന്ന മട്ടില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എന്‍സിപി അധ്യക്ഷനായ ശരദ് പവാര്‍ ഇക്കാര്യം തളളി രംഗത്തെത്തി. മഹാവികാസ് അഘാടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ പവാര്‍, ശിവസേന വിശ്വസിക്കാവുന്ന ഒരു പാര്‍ട്ടിയാണെന്നും അഭിപ്രായപ്പെട്ടു.

Content Highlights:Prashant Kishor meets Sharad Pawar in Mumbai