ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെയും അദ്ദേഹത്തിന്റെ മുന്‍ഗാമികളെയും അവഹേളിച്ചതില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി. അദ്ദേഹത്തിനെതിരായ ശിക്ഷ സംബന്ധിച്ച വാദം ഓഗസ്റ്റ് 20 ന് കോടതി കേള്‍ക്കും.
ജൂണ്‍ 27-നും 29-നും പ്രശാന്ത് ഭൂഷണ്‍ കുറിച്ച രണ്ട് ട്വീറ്റുകളാണ് സുപ്രീംകോടതി നടപടിക്കാധാരം. മോട്ടോര്‍സൈക്കിള്‍ പ്രേമിയായ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നാഗ്പുരില്‍ ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണില്‍ ഇരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ജൂണ്‍ 29-ന് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. 'ജനങ്ങള്‍ക്കു നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കില്‍ ഹെല്‍മെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നു' എന്നായിരുന്നു ട്വീറ്റ്.
ചീഫ് ജസ്റ്റിസിനെ മാത്രമാണ് അതില്‍ ഉന്നംവെച്ചതെങ്കില്‍ സുപ്രീംകോടതിയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും ലക്ഷ്യമിട്ടായിരുന്നു ജൂണ്‍ 27-ലെ ട്വീറ്റ്. 'അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറുവര്‍ഷം ഇന്ത്യയില്‍ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ തിരിഞ്ഞുനോക്കിയാല്‍ അതില്‍ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും' എന്നായിരുന്നു ഭൂഷന്റെ പ്രതികരണം.
ഈ ട്വീറ്റുകളെ തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍. ഗാവി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ കേസില്‍ വിധി പ്രസ്താവിച്ചത്.
നീതിനിര്‍വഹണത്തിന് അവമതിപ്പുണ്ടാക്കുന്നതും സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും അന്തസ്സിനെയും അധികാരത്തെയും അപമാനിക്കുന്നതുമാണ് ഭൂഷന്റെ പ്രസ്താവനയെന്ന് പ്രശാന്ത് ഭൂഷണെതിരെ കേസെടുത്ത വേളയില്‍ സുപ്രീം കോടതി പരാമര്‍ശം നടത്തിയിരുന്നു.
എന്നാല്‍ കോടതിയെ അവഹേളിക്കുന്നതിനല്ല അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രശാന്ത് ഭൂഷണ്‍ നിലപാടെടുത്തിരുന്നത്.
Content Highlights: Supreme Court holds lawyer Prashant Bhushan guilty of contempt of court for his alleged tweets on CJI and his four predecessor