തേജസ്വി യാദവ്, പ്രശാന്ത് കിഷോർ
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ബിഹാര്‍ പദയാത്ര നടത്താനുള്ള തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ തീരുമാനം ബിഹാര്‍ രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെക്കുകയാണ്. പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നില്ലെങ്കിലും അതിന്റെ സാധ്യത തള്ളിക്കളയാതെ 3000 കിലോമീറ്റര്‍ പദയാത്രയ്ക്ക് തുടക്കമിടുമ്പോള്‍ ബിഹാര്‍ രാഷ്ട്രീയം പ്രശാന്തിനെ ഭയന്നു തുടങ്ങിയിരിക്കുന്നുവെന്നാണ് നേതാക്കളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വ്യക്തമാവുന്നത്. അതിന്റെ ആദ്യ ഉദാഹരണമാണ് പ്രശാന്തിനെ എതിര്‍ത്ത് കൊണ്ടുള്ള ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ രംഗപ്രവേശം.
കഴിഞ്ഞ 30 വര്‍ഷമായി ബിഹാറില്‍ യാതൊരു വികസനവുമില്ലെന്ന് വിമര്‍ശനമുന്നയിച്ച് കൊണ്ടാണ് പ്രശാന്ത് കിഷോര്‍ പദയാത്രയ്ക്ക് ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രസ്താവനയ്‌ക്കെതിരേ വിമര്‍ശനവുമായി തേജസ്വി യാദവ് രംഗത്ത് വന്നത് പ്രശാന്ത് കിഷോറിന്റെ പദയാത്രയും ഭാവി പരിപാടിയും അത്ര പന്തിയല്ലെന്ന് തോന്നിയിട്ട് തന്നെയാണ്. ഇത് സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു ഇന്ന് തേജസ്വി യാദവിന്റെ രൂക്ഷ വിമര്‍ശനം. 30 വര്‍ഷമായി വികസനമില്ലെന്ന പ്രശാന്തിന്റെ പ്രസ്താവനയ്ക്ക് ഉത്തരം നല്‍കുന്നതില്‍ പോലും അര്‍ഥമില്ലെന്ന് തേജസ്വി യാദവ് പറഞ്ഞു. ബിഹാറിനെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ല. അടിസ്ഥാന രഹിതമായ പ്രസ്താവനയാണ് പ്രശാന്ത് കിഷോറിന്റേത്. അദ്ദേഹം ഏത് പാര്‍ട്ടിക്കാരനാണെന്ന് പോലും എനിക്കറിയില്ല. പിന്നെ എന്തിനാണ് ഞാന്‍ മറുപടി നല്‍കുന്നതെന്നും തേജസ്വി യാദവ് ചോദിച്ചു.
പാര്‍ലമെന്റില്‍ സി.എ.എ വിഷയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയും എന്നാല്‍ ബിഹാറില്‍ ഇത് നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ച പറയുകയും ചെയുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യു ഇരട്ടത്താപ്പ് നടത്തുകയാണെന്ന ആരോപണവും പ്രശാന്ത് ഉന്നയിച്ചിരുന്നു. ഇതിനും തേജസ്വി യാദവ് മറുപടി പറഞ്ഞു. സി.എ.എ-യെ എതിര്‍ക്കുക എന്നത് തന്നെയാണ് ആര്‍.ജെ.ഡി നയം. സി.എ.എ ഒരു നയപരാമായ കാര്യമാണ്. പാര്‍ലമെന്റില്‍ അനുകൂലിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് ബിഹാറില്‍ നടപ്പിലാക്കില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. സി.എ.എ-യെ അനുകൂലിച്ച് കൊണ്ട് ജെ.ഡി.യു പാര്‍ലമെന്റില്‍ വോട്ട് ചെയ്തപ്പോള്‍ തന്നെ അതി ശക്തമായ പ്രതിഷേധം ബിഹാറിലുണ്ടായി. സി.എ.എ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.
പ്രശാന്തിന് വഴി തുറക്കുമോ ജന്‍ സുരാജ്
ജന്‍ സുരാജ് എന്നാണ് 3000 കിലോമീറ്റര്‍ പദയാത്രയ്ക്ക് പ്രശാന്തിട്ട ഓമനേപ്പേര്. ജന്‍ സുരാജ് എന്നാല്‍ ജനങ്ങളുടെ ഭരണമാണെന്ന് പറയുന്നു പ്രശാന്ത് കിഷോര്‍. ഇത് ബിഹാറില്‍ മാത്രം ഒതുങ്ങുകയില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജന്‍ സുരാജ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴിയാണെന്നും അത് വഴി ബിഹാറിലെ ജനങ്ങള്‍ക്ക് പുതുവെളിച്ചം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രശാന്ത് പറയുമ്പോള്‍ ഇത് തങ്ങള്‍ക്കുള്ള പാരയായിരിക്കുമോ എന്നാണ് ആര്‍.ജെ.ഡി, ജെ.ഡി.യു നേതൃത്വങ്ങള്‍ ചിന്തിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് പ്രശാന്ത് കിഷോര്‍ ബിഹാറില്‍ പദയാത്രയ്ക്ക് തുടക്കമിടുന്നത്. ബിഹാര്‍ ഏറ്റവും അവികസിത സംസ്ഥാനമാണ് എന്നാണ് പ്രശാന്ത് കിഷോറിന്റെ വിമര്‍ശനം. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള കിഷോറിന്റെ പദ്ധതികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കാത്തത് കൊണ്ട് തന്നെ ഇതിന്റെയെല്ലാം പരീക്ഷണമായിരിക്കാം ബിഹാറില്‍ പ്രശാന്ത് ലക്ഷ്യമിടുന്നതെന്നും അത് ഏത് തരത്തില്‍ ജനങ്ങള്‍ അംഗീകരിക്കും എന്നതുമാണ് ആര്‍.ജെ.ഡി, ജെ.ഡി.യു നേതാക്കളെ ആശങ്കയിലാക്കുന്നത്. പാർട്ടി ഇപ്പോൾ രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അങ്ങനെയുണ്ടായാൽ അത് ജനങ്ങളുടെ പാർട്ടിയായിരിക്കുമെന്നും പ്രശാന്ത് പറഞ്ഞ് വെക്കുമ്പോൾ അതിനെ വെറുതെ ഒരു നിസ്സാരമായ പ്രസ്താവനായി തള്ളിക്കളയാനും നേതാക്കൾ തയ്യാറാവുന്നില്ല.
പാളിപ്പോയ കോണ്‍ഗ്രസ് എന്‍ട്രി
മാരത്തോണ്‍ ചര്‍ച്ചകളായിരുന്നു പ്രശാന്ത് കിഷോര്‍ കഴിഞ്ഞയാഴ്ചകളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയത്. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയാങ്കാ ഗാന്ധി എന്നിവര്‍ തുടങ്ങി പ്രധാന നേതാക്കളെല്ലാം ചര്‍ച്ചയുടെ ഭാഗമായി. പക്ഷെ സംഘടനയുടെ നിലവിലെ സ്ഥിതിയില്‍ നിന്നും മാറാനുള്ള മനോഭാവം കോണ്‍ഗ്രസ് കാണിക്കാത്തതിനാല്‍ ചര്‍ച്ച വഴിക്ക് വെച്ച് പിരിയുകയും പ്രശാന്ത് പ്രശാന്തിന്റെ വഴിക്ക് പോവുകയുമായിരുന്നു. പ്രശാന്ത് മുന്നോട്ട് വെച്ച കാര്യങ്ങള്‍ അംഗീകരിച്ചില്ല എന്നതിനപ്പുറം ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ നേതൃത്വം തയ്യാറുമായില്ല. ഒപ്പം പ്രശാന്തിനെ പാര്‍ട്ടിയെലെടുക്കുന്നതില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പും ചര്‍ച്ചകള്‍ പാളിപ്പോവാനുള്ള കാരണമായി.
Content Highlights: Prasanth Kishors 3000 km Rally In Bihar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..