പ്രണബ്, കര്‍ക്കശക്കാരനായ രാഷ്ട്രീയ കാരണവര്‍


മനോജ് മേനോന്‍

പ്രധാനമന്ത്രി പദം രണ്ട് വട്ടം കൈകളില്‍ നിന്ന് തെന്നിത്തെറിച്ചതിന്റെ അനുഭവം ഒരിക്കല്‍ പോലും നിരാശയായി വളരാതിരിക്കാന്‍ പ്രണബ് ശ്രമിച്ചിരുന്നു.

രാഷ്ട്പതി ഭവനിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രണബ് മുഖർജി സംസാരിക്കുന്നു.

ന്യൂഡല്‍ഹി:വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ രൂപഭാവങ്ങളിലുണ്ടെങ്കിലും പ്രണബ് ദാ വൃദ്ധനായിരുന്നില്ല. എണ്‍പത്തിനാല് വയസ്സുള്ള ചെറുപ്പക്കാരന്‍. രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതിക്ക് ചുറ്റും പുലര്‍ച്ചെ ഏഴെട്ട് വട്ടമുള്ള നടപ്പ്. പുസ്തകങ്ങളുമായി രാവേറും വരെയുള്ള ഇരിപ്പ്. രാഷ്ട്രീയത്തിലേക്ക് നിരന്തരം തുറന്നു വച്ച കണ്ണുകള്‍. ഭരണ-രാഷ്ട്രീയ സാമര്‍ഥ്യങ്ങളുടെ പരീക്ഷണ ശാലയായ തലച്ചോര്‍. 2017 ല്‍ രാഷ്ട്രപതി പദമൊഴിഞ്ഞെങ്കിലും നിഷ്ഠക്കും നിര്‍ബന്ധങ്ങള്‍ക്കും മാറ്റം വരുത്താതെയുള്ള ജീവിതം. ക്ഷിപ്രകോപിയാണ്. എന്നാല്‍, പെട്ടെന്ന് തന്നെ ദേഷ്യമലിയും. സമവായമാണ് ജീവിത ശൈലി. കഴിഞ്ഞ ഇരുപത് വര്‍ഷമായി നേരിട്ടും അല്ലാതെയും കണ്ട പ്രണബ് മുഖര്‍ജി എന്ന വ്യക്തിയും നേതാവും ധിഷണയുടെ കരുത്തിലാണ് ബംഗാളിലെ ചെറുഗ്രാമത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് നടന്നത്.

പ്രണബ് മുഖര്‍ജിയെ, മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അടുത്ത് കാണുന്നത് 2004 ലെ ഒന്നാം യു.പി.എ. ഭരണകാലത്താണ്. സോണിയ ഒഴിഞ്ഞപ്പോള്‍ പകരം പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുമെന്ന് ദേശീയ രാഷ്ട്രീയം കരുതിയ നേതാവ്. മാധ്യങ്ങളും അങ്ങനെ തന്നെ കണക്ക് കൂട്ടി. എന്നാല്‍ രണ്ടാം വട്ടവും പ്രണബ് മാറ്റി നിര്‍ത്തപ്പെട്ടു. (ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പ്രണബിനെ പ്രധാനമന്ത്രിയാക്കുമെന്ന് പ്രണബും കോണ്‍ഗ്രസ് രാഷ്ട്രീയവും കരുതിയെങ്കിലും ഒഴിവാക്കപ്പെട്ടതായിരുന്നു ആദ്യ ഘട്ടം.)എന്നാല്‍, പ്രാഗത്ഭ്യവും പരിചയസമ്പന്നതയും അര്‍ഹതയും ചേര്‍ത്തു പിടിച്ചിട്ടും പ്രധാനമന്ത്രി പദം രണ്ട് വട്ടം കൈകളില്‍ നിന്ന് തെന്നിത്തെറിച്ചതിന്റെ അനുഭവം ഒരിക്കല്‍ പോലും നിരാശയായി വളരാതിരിക്കാന്‍ പ്രണബ് ശ്രമിച്ചിരുന്നു. പ്രണബായിരുന്നു പ്രധാനമന്ത്രിയാകേണ്ടതെന്ന് പിന്നീട് സമൂഹത്തിന് തോന്നിയതും പ്രണബ് പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിമാറുമായിരുന്നുവെന്ന് സമൂഹം പിന്നീട് ചര്‍ച്ച ചെയ്തതതും ഈ അനുഭവങ്ങള്‍ക്ക് കാലം നല്‍കിയ മറുപടിയാണെന്ന് അദ്ദേഹം കരുതിക്കാണണം.

Pranab
2014 ല്‍ രാഷ്ട്രപതി ഭവനില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലേഖകന്‍ പ്രണബിനൊപ്പം

പ്രധാനമന്ത്രി പദം ഒരിക്കലെങ്കിലും ആഗ്രഹിച്ചിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്,''ഒരിക്കലും പ്രധാനമന്ത്രിയുടെ വസതി തന്റെ ലക്ഷ്യമായിരുന്നില്ലെന്ന് ''പ്രണബ് മറുപടി നല്‍കിയെങ്കിലും, പാര്‍ട്ടിയുടെ ചരിത്രത്തിന് ആ മറുപടി ദഹിക്കാനിടയില്ല. മനസ്സിലുണ്ടായിരുന്നെങ്കിലും പ്രണബ് തന്റെ നിരാശ ഒരിക്കലും പുറത്തു കാണിച്ചില്ല. താന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഡോ.മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായപ്പാള്‍ അദ്ദേഹത്തിന് കീഴില്‍ വിവിധ വകുപ്പുകളോടെ മന്ത്രിപദം വഹിക്കാന്‍ പ്രണബ് തയ്യാറായി. യു.പി.എ സര്‍ക്കാരുകളുടെ മുഖങ്ങള്‍ ഡോ.മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയുമായിരുന്നെങ്കിലും തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് സര്‍ക്കാരിനെ നയിച്ചത് പ്രണബിന്റെ വാര്‍ധക്യം മങ്ങല്‍ വീഴ്ത്താത്ത സൂക്ഷ്മ ബുദ്ധിയായിരുന്നു. യു.പി.എ സര്‍ക്കാരുകളെ നയിച്ച 53 ഉപസമിതികളുടെ അധ്യക്ഷന്‍ ഈ പ്രായോഗികജ്ഞാന വൃദ്ധനായിരുന്നു.

ഒന്നാം യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയും ധനമന്ത്രിയുമായിരുന്നു പ്രണബ്. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ 2008 മെയില്‍ പ്രണബ് നടത്തിയ പാകിസ്താന്‍ സന്ദര്‍ശനമാണ്, ഇന്ത്യയും പാകിസ്താനും തമ്മില്‍ നടത്തിയ ഒടുവിലത്തെ ഉഭയകക്ഷിവിദേശമന്ത്രിതല ചര്‍ച്ച. 2008 നവംബറിലുണ്ടായ മുംബൈ ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ, പിന്നീട് ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടില്ല. പാകിസ്താനിലേക്ക് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയെ അനുഗമിച്ച മാധ്യമ സംഘത്തില്‍ ഞാനും ക്യാമറാമാന്‍ സന്തോഷ് പിള്ളയുമുണ്ടായിരുന്നു. മനോരമാ ന്യൂസ് ചാനലില്‍ പ്രവര്‍ത്തിക്കുന്ന കാലം. ഞങ്ങളായിരുന്നു പതിനഞ്ചോളം പേരടങ്ങിയ മാധ്യമ സംഘത്തില്‍ മലയാളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍. വിദേശകാര്യസെക്രട്ടറി ശിവശങ്കര്‍ മേനോനടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം നയതന്ത്ര ചര്‍ച്ചകള്‍ക്കായി വിദേശകാര്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പ്രസിഡണ്ട് പര്‍വേസ് മുഷറഫ് അടക്കമുള്ള പാക് നേതാക്കളുമായി രണ്ട് ദിവസത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍. ക്ഷീണമില്ലാതെ ചര്‍ച്ചകളില്‍ നിന്ന് ചര്‍ച്ചകളിലേക്ക് നീങ്ങുന്ന വിദേശകാര്യമന്ത്രിക്കൊപ്പം ഓടിയെത്താന്‍ യുവാക്കളായ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പണിപ്പെട്ട രണ്ട് ദിവസങ്ങള്‍. ഇടയ്ക്ക് പാകിസ്താന്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ വെവ്വേറെ പുറത്തിറങ്ങി. ഇസ്ലാമാബാദും ബനസിര്‍ ഭൂട്ടോ കൊല്ലപ്പെട്ട റാവല്‍ പിണ്ടിയിലെ പാര്‍ക്കും ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത്് പിന്നീട് പ്രണബിന്റെ രാഷ്ട്രീയ സാമര്‍ഥ്യം രാജ്യം കണ്ടത് ഇന്ത്യ-അമേരിക്ക ആണവ കരാറിനെച്ചൊല്ലിയുള്ള തര്‍ക്കകാലത്തായിരുന്നു. സര്‍ക്കാരിനെ പിന്തുണക്കാന്‍ യു.പി.എ നിയോഗിച്ചത് പ്രണബ് ദായെ തന്നെ. പ്രണബ് ദായോടായിരുന്നു ഇടത് പാര്‍ട്ടികള്‍ക്കും അടുപ്പം. ജ്യോതിബസുവുമായും ബംഗാളിലെ ഇടത് നേതാക്കളുമായും ഇഴയടുപ്പമുണ്ടായിരുന്ന പ്രണബ് മുഖര്‍ജി ചര്‍ച്ചകളില്‍ ഈ സൗഹൃദവും ഉപയോഗിച്ചു. എന്നാല്‍ ഇടത് പാര്‍ട്ടികളുടെ കര്‍ശന നിലപാട് മൂലം ചര്‍ച്ച കരയ്ക്കടുത്തില്ല. യു.പി.എ-ഇടത് പാര്‍ട്ടി ഏകോപന സമിതി യോഗങ്ങളില്‍ രാപകലില്ലാതെ പങ്കെടുത്ത പ്രണബ് കുമാര്‍ മുഖര്‍ജി തന്നെയായിരുന്നു യോഗകാര്യങ്ങള്‍ അന്നന്ന് മാധ്യമങ്ങളോട് വിശദീകരിച്ചത്. അന്ന് ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ പ്രണബിന്റെ ദൃഢവും സമര്‍ഥവുമായ നീക്കങ്ങള്‍ കണ്‍മുന്നില്‍ ഇപ്പോഴും മായാതെ.

തല്‍ക്കത്തോറ റോഡിലെ പ്രണബിന്റെ വസതിയിലായിരുന്നു യോഗങ്ങളേറെയും. തലസ്ഥാനത്തെ രാഷ്ട്രീയ പിരിമുറുക്കങ്ങളിലാഴ്ത്തിയ കരാര്‍ ചര്‍ച്ച പലപ്പോഴും രാവേറെ നീണ്ടു.ചര്‍ച്ച തീര്‍ന്ന് നേതാക്കള്‍ പുറത്തിറങ്ങും വരെ മാധ്യമപ്രവര്‍ത്തകര്‍ മണിക്കൂറുകളോളം കാത്തു നിന്നു.ഒടുവില്‍ എഴുതിത്തയ്യാറാക്കിയ പ്രസ്താവനയുമായി പ്രണബ് പുറത്തിറങ്ങുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ ശബ്ദകോലാഹലങ്ങളോടെ വളഞ്ഞു. മുന്‍ശുണ്ഠി പുരട്ടിയാണെങ്കിലും പ്രണബ് കാര്യങ്ങള്‍ വിശദീകരിച്ചു. ആ ദിവസങ്ങളിലെ തലക്കെട്ടുകള്‍ നിശ്ചയിച്ച വാര്‍ത്തകളായിരുന്നു പ്രണബിന്റെ പ്രസ്താവനകള്‍. പ്രണബിന്റെ സമവായ ഫോര്‍മുലകള്‍ മറി കടന്ന് ഇടത് പാര്‍ട്ടികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. എന്നാല്‍ രാഷ്ട്രീയ പക്വതയുടെ കയ്യടക്കത്തോടെ ഇടത് പാര്‍ട്ടികളെ പ്രകോപിപ്പിക്കാതെ പ്രണബ് സംയമനം പാലിച്ചത് ശ്രദ്ധേയം.ഇടത് പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍,മുലായം സിംഗിന്റെ പിന്തുണയോടെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കരുക്കള്‍ നീക്കിയതും പ്രണബ് തന്നെ.

സമര്‍ഥനായ രാഷ്ട്രീയക്കാരന്‍, ചതുരനായ രാഷ്ട്രീയ നേതാവ്, നിപുണനായ ഭരണാധികാരി, തന്ത്രജ്ഞനായ പ്രശ്‌ന പരിഹാരി, വിദഗ്ധനായ സമവായ വാദി, പണ്ഡിതനായ പ്രായോഗിക വാദി തുടങ്ങിയ വിലാസങ്ങളാണ് അമ്പത് വര്‍ഷങ്ങള്‍ നീണ്ട പൊതുജീവിതം പ്രണബ് കുമാര്‍ മുഖര്‍ജിക്ക് നല്‍കിയത്. സിദ്ധാന്തങ്ങളിലും പ്രായോഗത്തിലും പ്രണബ് ഒരു പോലെ ചാണക്യനായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാഴ്ചവട്ടത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, ഇന്ദിരയുടെ വിശ്വസ്തനായി വളര്‍ന്നു.പിന്നീട്,ഇണങ്ങിയും പിണങ്ങിയും ഗാന്ധി കുടുംബത്തിന്റെ ഭാഗമായതും കലഹിച്ചിറങ്ങിയതും തിരിച്ചു കയറിയതും വീണതും വളര്‍ന്നതും പിന്നെ സ്വന്തം ധിഷണയുടെ കരുത്തില്‍ അധികാര രാഷ്ട്രീയത്തിന്റെ ചുക്കാന്‍ കയ്യിലെടുത്തതുമായ ചരിത്രം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ചരിത്രം കൂടിയാണ്.

2012 ല്‍ ധനകാര്യമന്ത്രി പദത്തില്‍ നിന്നാണ് പ്രണബ് രാഷ്ട്രപതി ഭവനിലെത്തിയത്. രാഷ്ട്രീയ കരുനീക്കങ്ങളും വിവാദങ്ങളും കൊണ്ടും കൊടുത്തുമുള്ള ചര്‍ച്ചകളും ശീലമാക്കിയ തികഞ്ഞ പ്രായോഗിക രാഷ്ട്രീയക്കാരനായ പ്രണബിന് രാഷ്ട്രപതി ഭവന്റെ പ്രോട്ടോകോള്‍ പരിധികളില്‍ ആദ്യകാലങ്ങളില്‍ വീര്‍പ്പ് മുട്ടലായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.എന്നാല്‍ ജനങ്ങള്‍ക്കായി രാഷ്ട്രപതിഭവന്റെ കവാടങ്ങള്‍ തുറന്ന് ഡോ.ഏ.പി.ജെ.അബ്ദുള്‍കലാം കാട്ടിയ മാതൃക പ്രണബ് വിപുലമാക്കി. രാഷ്ട്രപതി ഭവനെ ജനങ്ങളിലേക്ക് ചേര്‍ത്തു നിര്‍ത്തി. ജനങ്ങളെ കാണാനുള്ള ഒരു വഴിയും അടച്ചില്ല. എഴുത്തുകാര്‍ക്കും ശാസ്ത്രപ്രതിഭകള്‍ക്കും ഏഴ് ദിവസം രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ താമസിച്ച് രചനകള്‍ നിര്‍വഹിക്കാനുള്ള ആര്‍ട്ടിസ്റ്റ്സ്് ഇന്‍ റെസിഡന്‍സ് പരിപാടി തുടങ്ങി. പ്രസ് സെക്രട്ടറിയും മുതിര്‍ന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമായ വേണു രാജാമണിയുടെ ഏകോപനത്തില്‍ കേരളത്തിന്റെ ഓണാഘോഷവും രാഷ്ട്രപതിഭവനില്‍ പതിവായി.സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പതിവായി നടക്കാറുള്ള അറ്റ് ഹോം പരിപാടി വിപുലവും ജനകീയവുമായത് പ്രണബിന്റെ കാലത്താണ്.

മാധ്യമപ്രവര്‍ത്തകരുമായി വിശാലമായ സൗഹൃദവും പരസ്പരാദരവും സൂക്ഷിച്ച തലമുറയുടെ പ്രതിനിധിയായിരുന്നു പ്രണബ്.ചില ചോദ്യങ്ങളില്‍ ദേഷ്യം പിടിക്കും.ചിലപ്പോള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി നല്‍കിയെന്നും വരാം.2016 ഏപ്രില്‍ 23 ന് ഇംഫാലില്‍ ഖോംഗ്ജോം ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനുള്ള രാഷ്ട്രപതിയുടെ യാത്ര.ലേഖകനടക്കം നാല് പേരടങ്ങുന്ന മാധ്യമസംഘം രാഷ്ട്രപതിയുടെ പ്രത്യേക വിമാനത്തില്‍. മടക്കയാത്രയില്‍ വിമാനത്തിനുള്ളില്‍ വച്ച്് രാഷ്ട്രപതി മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന കാലമായിരുന്നു. മുന്‍ ധനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ രാഷ്ട്രപതിയോട് സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു.ഞാന്‍ രാഷ്ട്രപതിയാണ്. പ്രസ്താവന നല്‍കാനാവില്ലെന്നായിരുന്നു ക്ഷോഭിച്ചു കൊണ്ട് പ്രണബിന്റെ മറുപടി.എന്നാല്‍ തൊട്ടടുത്ത നിമിഷം പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പത്രപ്രവര്‍ത്തകര്‍ക്കൊപ്പം ചിത്രമെടുക്കാനിരുന്നു.(ചിത്രം കയ്യില്‍ നിന്ന് നഷ്ടമായി).2014 ജൂലായില്‍ രാഷ്ട്രപതിഭവനില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലും ഉത്സാഹത്തോടെ പ്രണബ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി ഓര്‍മകള്‍ പങ്കിട്ടു.

കാര്‍ക്കശ്യമുള്ള നേതാവായിരുന്നു പ്രണബ്. രാജീവ് ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസ് വിടുമ്പോഴും പിന്നീട് മടങ്ങിയെത്തുമ്പോഴും അതീവ ജാഗ്രതയുള്ള രാഷ്ട്രീയക്കാരന്റെ പ്രായോഗിക നീക്കങ്ങളായിരുന്നു പ്രണബിന് പഥ്യം. സോണിയാഗാന്ധിയുമായി അടുത്തും അകന്നും രാഷ്ട്രീയം നയിക്കുമ്പോഴും അര്‍ഹതപ്പെട്ട പ്രധാനമന്ത്രി പദം കയ്യിലെത്താതെ പോയപ്പോഴും ഈ പ്രായോഗികതയായിരുന്നു പ്രണബ് ഉയര്‍ത്തിപ്പിടിച്ചത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ നരേന്ദ്രമോദിയുമായി സൗഹൃദം കാത്തതും ആര്‍.എസ്.എസിന്റെ ചടങ്ങില്‍ പങ്കെടുത്തതും ഈ പ്രായോഗിക രാഷ്ട്രീയ സാമര്‍ഥ്യത്തിന്റെ ഉദാഹരണങ്ങളാണ്,അവിടെ സിദ്ധാന്തങ്ങള്‍ക്ക് കാര്യമായ പ്രസക്തിയുണ്ടായിരുന്നില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented