പനാജി: ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സ്ഥാനമേല്‍ക്കും. തിങ്കളാഴ്ച രാത്രി തന്നെ പ്രമോദിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് സൂചനയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. 

സഖ്യകക്ഷികളായ എം ജി പി(മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി), ജി എഫ് പി(ഗോവ ഫോര്‍വേഡ് പാര്‍ട്ടി) എന്നിവരുമായി ബി ജെ പി ദേശീയനേതൃത്വം നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് മുഖ്യമന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമായത്. എം ജി പി എം എല്‍ എ സുധിന്‍ ധവാലിക്കര്‍, ജി എഫ് പി എം എല്‍ എ വിജയ് സര്‍ദേശായി എന്നിവര്‍ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്നുമാണ് സൂചന.

നിലവില്‍ ഗോവ നിയമസഭ സ്പീക്കറാണ് പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഗോവയില്‍ പ്രതിസന്ധി ഉടലെടുത്തത്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് കോണ്‍ഗ്രസ് അവകാശം ഉന്നയിച്ച് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 

പരീക്കറുടെ പിന്‍ഗാമിയായി പ്രമോദ് സാവന്തിനെ കഴിഞ്ഞദിവസം തന്നെ തീരുമാനിച്ചിരുന്നു. പക്ഷെ ഇക്കാര്യം ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും സാന്നിധ്യത്തില്‍ സഖ്യകക്ഷികളെ കൊണ്ട് അംഗീകരിപ്പിക്കാന്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സാധിച്ചതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബി ജെ പി നേതാവ് പറഞ്ഞു.

പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. തിങ്കളാഴ്ച പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. 

content highlights: Pramod Sawant to be new Goa Chief minister