പനജി: മനോഹര്‍ പരീക്കറുടെ വിയോഗത്തെ തുടര്‍ന്ന് ഗോവയില്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് നിരവധി നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. പുതിയ മന്ത്രിസഭാ രൂപവത്കരണം ആവശ്യമായി വന്നതോടെ സഖ്യകക്ഷികള്‍ വിലപേശല്‍ ആരംഭിച്ചു. ഇതോടെയാണ് എല്ലാവരെയും തൃപ്തിപ്പെടുത്തി മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കേണ്ട സ്ഥിതിയുണ്ടായത്.

ഏറെ നീണ്ട ചര്‍ച്ചകള്‍ക്കും സമവായ ശ്രമങ്ങള്‍ക്കുമൊടുവിലാണ് നിലവിലെ സ്പീക്കര്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപവത്കരണം സാധ്യമായത്. എല്ലാറ്റിനുമൊടുവില്‍ പുലര്‍ച്ചെ 1.50ന് ആണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ. സുദിന്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. 

40 അംഗ നിയമസഭയില്‍ നിന്ന് മൂന്ന് എം  എല്‍ എമാര്‍ രാജിവെക്കുകയും മനോഹര്‍ പരീക്കര്‍, ഫ്രാന്‍സിസ് ഡിസൂസ എന്നിവര്‍ മരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ആകെ സീറ്റുകളുടെ എണ്ണം 35 ആയി ചുരുങ്ങിയിരുന്നു. പതിന്നാല് അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും 12 അംഗങ്ങളുള്ള ബി ജെ പിയ്‌ക്കൊപ്പം മൂന്നു വീതം എംഎല്‍എമാരുള്ള എംജിപിയും ജിപിഎഫും ചേര്‍ന്നതോടെയാണ് മന്ത്രിസഭ രൂപവത്കരിക്കുന്നതിനുള്ള അംഗബലമായത്. ഇരു കക്ഷികള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് പുതിയ മന്ത്രിസഭയില്‍ ഇവരെ ബിജെപി കൂടെനിര്‍ത്തിയത്.

ഇതിനിടെ, തങ്ങള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടതായും സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതായും കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ് ലേകര്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് പതിന്നാല് എം എല്‍ എമാരുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ദിവസത്തേയ്ക്കു കാത്തുനില്‍ക്കാതെ ഏതുവിധേനയും സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ബിജെപി കടുത്ത ശ്രമം ആരംഭിച്ചത്. വൈകിട്ട് 3.30ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും എംജിപിയുടെയും ജിപിഎഫിന്റെയും വിലപേശലാണ് കാര്യങ്ങള്‍ വീണ്ടും വൈകിപ്പിച്ചത്. 

പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സഖ്യകക്ഷികളായ എം ജി പിയും ജി എഫ് പിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. പരീക്കറുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ സഖ്യകക്ഷികളുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് തീരുമാനമുണ്ടായത്. തുടര്‍ന്ന് രാത്രി 12 മണിക്കാണ് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ട് ചര്‍ച്ച നടത്തിയതും പിന്നീട് ഏറെ വൈകി സത്യപ്രതിജ്ഞ നടന്നതും.

Content Highlights: Pramod Sawant, Goa Chief Minister, Manohar parrikar, BJP, Congress