പനാജി: ഗോവയിലെ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ബുധനാഴ്ച സഭയില്‍ വിശ്വാസവോട്ടു തേടും. വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി തങ്ങളുടെ എം എല്‍ എമാരെ ബി ജെ പി പഞ്ചനക്ഷത്ര റിസോര്‍ട്ടിലേക്ക് മാറ്റിയതായി പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്നാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രമോദിന്റെയും 12 മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.

രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവെക്കുകയും ഫ്രാന്‍സിസ് ഡിസൂസയുടെയും മനോഹര്‍ പരീക്കറുടെയും മരണത്തെയും തുടര്‍ന്ന് ഗോവ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം നാല്‍പ്പതില്‍നിന്ന് 36 ആയി ചുരുങ്ങിയിരുന്നു. തങ്ങള്‍ക്ക് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ബി ജെ പിയുടെ അവകാശവാദം. 12 എം എല്‍ എമാരാണ് ബി ജെ പിക്കുള്ളത്. സഖ്യകക്ഷികളായ ജി എഫ് പിക്കും എം ജി പിക്കും മൂന്ന് എം എല്‍ എമാര്‍ വീതമുണ്ട്. മൂന്നു സ്വതന്ത്രരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് ബി ജെ പി അവകാശപ്പെടുന്നു. 

പരീക്കറുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സഖ്യകക്ഷികളുമായി ബി ജെ പി മാരത്തണ്‍ ചര്‍ച്ചയാണ് നടത്തിയത്. ഒടുവില്‍ എം ജി പിയിലെ സുദിന്‍ ധവാലിക്കറിനും ജി എഫ് പിയിലെ വിജയ് സര്‍ദേശായിക്കും ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കി അനുനയിപ്പിക്കുകയായിരുന്നു. 

content highlights: pramod sawant govt will face floor test today, goa